പൈത്തണ്: ആമുഖം
>> Sunday, May 30, 2010
പൈത്തണ്‍ (Python) എന്ന പ്രോഗ്രാമിംഗ് ഭാഷ (Programming Language) ഉപയോഗിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാന്‍ പഠിക്കുന്ന ഒരു പദ്ധതിക്കാണ് ഇവിടെ നമ്മള്‍ തുടക്കമിടുന്നത്. മുഖവുരയായി എന്താണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, എന്താണ്/എന്തുകൊണ്ട് പൈത്തണ്‍, ഇതാര്‍ക്കൊക്കെയാണ് പഠിക്കാന്‍ പറ്റുക, ഈ പാഠനപദ്ധതി ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ സജ്ജീകരണങ്ങളാണ് വേണ്ടത് എന്നിവയെപ്പറ്റിയൊക്കെ ഈ പോസ്റ്റില്‍ പറയാം. കൂടാതെ നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കുകയും ചെയ്യാം.
കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ത്/എങ്ങനെ
കംപ്യൂട്ടര്‍ എന്താണെന്ന് നമുക്കെല്ലാം ഇന്നറിയാം -- നമ്മില്‍ ചിലരെങ്കിലും കംപ്യൂട്ടര്‍ നിത്യേനയോ നിത്യേനയെന്നോണമോ ഉപയോഗിക്കുന്നവരാണ്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് പക്ഷേ ഇന്നും കുറെയൊക്കെയെങ്കിലും നമുക്കൊരു അപരിചിതവസ്തുവാണ്. ഈ അവസ്ഥ ഇതാ മാറാന്‍ പോകുന്നു!ലളിതമായി പറഞ്ഞാല്‍ കംപ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അതിനെക്കൊണ്ട് നമുക്കുവേണ്ട കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ഉപാധിയാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് . കംപ്യൂട്ടര്‍ വെറും യന്ത്രമായതുകൊണ്ടും, അതിനാല്‍ത്തന്നെ അതിന് നമുക്കുള്ളതുപോലെ ബുദ്ധിയോ ചിന്താശക്തിയോ വിവേചനശേഷിയോ ഒന്നും ഇല്ലാത്തതുകൊണ്ടും, വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലേ അത് എന്തും വേണ്ടരീതിയില്‍ ചെയ്യൂ (ഇതൊക്കെയുണ്ടെങ്കിലും ഒന്നും വേണ്ടരീതിയില്‍ ചെയ്യാത്ത മനുഷ്യരുണ്ടെന്നുള്ളത് വേറേകാര്യം). അതുകൊണ്ടുതന്നെ പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത്, നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്. ഇതത്ര ബുദ്ധിമുട്ടുള്ളതാണെന്നു തോന്നുന്നുണ്ടോ? അടിസ്ഥാന നിലവാരത്തിലുള്ള പ്രോഗ്രാമിംഗ് (നമ്മുടെ സ്കൂള്‍ സിലബസിലെ പ്രോഗ്രാമിംഗ് നിശ്ചയമായും ഇതില്‍പ്പെടും) വലിയ പ്രയാസമൊന്നുമില്ലാത്ത, ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ക്ഷമ മാത്രം ആവശ്യമുള്ള ഒന്നാണ്.
എന്താണ് പൈത്തണ്‍?
കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാനുള്ള അനേകായിരം ഭാഷകളില്‍ ഒന്നാണ് പൈത്തണ്‍. ഇത് തുടക്കക്കാര്‍ക്ക് പഠിക്കാന്‍ എളുപ്പമുള്ള ഒരു ഭാഷയാണ്. എന്നാല്‍ കംപ്യൂട്ടര്‍ ഭാഷകളില്‍വച്ച് ഒട്ടും പിന്നിലല്ലതാനും. ഒരുദാഹരണം: ഗൂഗിളിന്റെ ആദ്യത്തെ ക്രൗളര്‍ (ഇന്റര്‍നെറ്റിലൊക്കെ പോയി പുതിയ പേജുകള്‍ വന്നിട്ടുണ്ടോ, പഴയ പേജുകള്‍ക്ക് മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നൊക്കെ പരതുന്ന സോഫ്ട് വെയര്‍ ) എഴുതിയത് പൈത്തണ്‍ ഉപയോഗിച്ചാണെന്ന് പറയപ്പെടുന്നു.ഈ പാഠനപദ്ധതി ആര്‍ക്കൊക്കെ ഉപയോഗപ്പെടും?
ഒരുവിധം എല്ലാവര്‍ക്കും. അഞ്ചാംക്ളാസ് മുതല്‍ മുകളിലേക്കുള്ള പ്രായക്കാര്‍ക്ക് ഇതില്‍ മിക്കഭാഗവും മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്. അഞ്ചാംക്ളാസുകാരിയാണെങ്കില്‍ മുതിര്‍ന്ന ഒരാളുടെ സഹായവും നല്ല ഇച്ഛാശക്തിയും വേണ്ടിവന്നേക്കാമെന്നത് വേറേകാര്യം. പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം, ഇതുപഠിക്കാന്‍ ഗണിതശാസ്ത്ര സംബന്ധിയായ അഭിരുചിയോ താത്പര്യമോ വേണമെന്നില്ല എന്നതാണ്: "ലോജിക്കും" സാമാന്യബുദ്ധിയും മതി; പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താത്പര്യവും. നമ്മുടെ പഠനം പ്രധാനമായും പ്രശ്നനിര്‍ദ്ധാരണത്തെ (Problem Solving) അവലംബിച്ചായിരിക്കും. ചില "തറ പറ" ബാലപാഠങ്ങള്‍ കഴിഞ്ഞാല്‍, പ്രോഗ്രാമിംഗ് പസിലുകളുടെ ഒരു ഉത്സവമായിരിക്കും അരങ്ങേറുക എന്നര്‍ത്ഥം. പ്രോഗ്രാമുകള്‍ ചെയ്തുപഠിക്കുന്നതിലൂടെ, പൈത്തണ്‍ എന്ന ഭാഷയുടെ വ്യാകരണം പഠിക്കുക എന്നതിലുപരി പ്രോഗ്രാമിംഗ് എന്ന കല നമുക്കു പഠിക്കാം.ഇതിന് എന്തൊക്കെ സജ്ജീകരണങ്ങളാണു വേണ്ടത്?
നമ്മുടെ സ്കൂളുകളില്‍ ലഭ്യമായ ലിനക്സ് സിസ്റ്റങ്ങളില്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് ചെയ്തുതുടങ്ങുന്നതിന് വേണ്ടതെല്ലാം സ്വതവേതന്നെ ലഭ്യമാണ്:- പ്രോഗ്രാമുകള്‍ എഴുതാന്‍ വേണ്ടി ഏതെങ്കിലും ഒരു എഡിറ്റര്‍ . ഉദാ: gedit.
- പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി Python എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്ന സോഫ്ട് വെയര്‍ . ഇത് ടെര്‍മിനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.
പ്രോഗ്രാമിംഗ് കുറച്ചുകൂടി എളുപ്പമാക്കുന്ന, Integrated Development Environment (IDE) എന്നറിയപ്പെടുന്ന സോഫ്ട് വെയറുകള്‍ ലഭ്യമാണ്. ഇവയേപ്പറ്റി വഴിയേ പറയാം.
ഇനി നമുക്ക് നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കാം.
നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം
പ്രോഗ്രാമുകള്‍ക്കു വേണ്ടി ഒരു ഡയറക്ടറി
നമ്മുടെ പ്രോഗ്രാമുകളൊക്കെ സൂക്ഷിച്ചുവെക്കാന്‍ നമുക്കൊരു ഫോള്‍ഡര്‍ (ഡയറക്ടറി) ഉണ്ടാക്കാം. ഒരിക്കലെഴുതിയ പ്രോഗ്രാമുകള്‍ പിന്നീടെപ്പോഴെങ്കിലും എടുത്തുനോക്കാനും മറ്റും ഇത് ഉപകാരപ്പെടും. ഈ ഡയറക്ടറിക്ക് ഇഷ്ടമുള്ള (പിന്നീട് ഓര്‍ക്കാന്‍ എളുപ്പമുള്ള) എന്തു പേരുവേണമെങ്കിലും ഇടാം. MyPrograms എന്നാണ് ഞാനിട്ട പേര്. ഈ ഡയറക്ടറി എവിടെയാണെന്നതും ഓര്‍ത്തുവയ്ക്കുക. Home അഥവാ Desktop എന്നിവിടങ്ങളിലാണെങ്കില്‍ ഓര്‍ക്കാന്‍ എളുപ്പമുണ്ട് : എവിടെവേണമെങ്കിലും ആകാം.രണ്ടു വഴികള്‍
സ്കൂള്‍ ലിനക്സ് കംപ്യൂട്ടറുകളില്‍ ഈ ഡയറക്ടറി ഉണ്ടാക്കാനുള്ള രണ്ടു വഴികള്‍ ഇനി പറയാം. രണ്ടിനും ഫലം ഒന്നുതന്നെ. ആദ്യത്തെ വഴിയാണ് കൂടുതല്‍ എളുപ്പം. രണ്ടാമത്തേതിനാണ് കൂടുതല്‍ ശക്തിയും മഹത്വവും (more general and powerful എന്നതിന്റെ സ്വതന്ത്ര പരിഭാഷ). വിശന്നിരിക്കുന്ന (നോണ്‍വെജിറ്റേറിയനായ) ഒരാള്‍ക്ക് ഒരു മീന്‍ കൊടുക്കുന്നതും മീന്‍ പിടിക്കാന്‍ പഠിപ്പിച്ചുകൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസം തന്നെ.ലിനക്സിലെ ഹോം ഡയറക്ടറി
ലിനക്സില്‍ ഓരോ ആള്‍ക്കും (user) ഒരു Home Directory ഉണ്ട്. സാധാരണ ഈ ഡയറക്ടറിയുടെ പേര് /home/username എന്നായിരിക്കും. ഇവിടെ username എന്നുള്ളത് നാം ലിനക്സിലേക്ക് log in ചെയ്യാന്‍ ഉപയോഗിക്കുന്ന പേരാണ്. എന്റെ കംപ്യൂട്ടറില്‍ എന്റെ username gphilip എന്നായതുകൊണ്ട് എന്റെ Home Directory യുടെ പേര് /home/gphilip എന്നതാണ്.എളുപ്പവഴി
നമ്മുടെ Home Directory യില്‍ MyPrograms എന്നപേരില്‍ ഒരു ഡയറക്ടറി ഉണ്ടാക്കാനുള്ള എളുപ്പ വഴി:- File Browser-ല്‍ Home Folder തുറക്കുക: Places -> Home Folder .
- അവിടെ File -> Create Folder എന്നത് തെരഞ്ഞെടുക്കുക.
- "untitled folder" എന്ന പേരില്‍ ഒരു പുതിയ ഡയറക്ടറി ഉണ്ടായി വരും. ഇതില്‍ right-click ചെയ്ത് "Rename..." എന്നത് തെരഞ്ഞെടുക്കുക. ഡയറക്ടറിക്കുള്ള പുതിയ പേരായി MyPrograms എന്നു കൊടുത്ത് Enter അമര്‍ത്തുക.
ടെര്‍മിനല്‍ ഉപയോഗിച്ച്
ഇതേ ഡയറക്ടറി ടെര്‍മിനല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിധം:- ടെര്‍മിനല്‍ തുറക്കുക: Applications -> Accessories -> Terminal.
- ടെര്‍മിനലില്‍ ഒരു ഡോളര്‍ ചിഹ്നവും ($) അതിനു തൊട്ടു വലതുവശത്തായി മിന്നുന്ന (blinking) ഒരു സൂചകവും കാണാം. ഈ സൂചകത്തിന് cursor എന്നാണ് പേര്. $-ഉം cursor-ഉം ചേര്‍ന്നതിനെ "command prompt" അഥവാ (ചുരുക്കത്തില്‍) "prompt" എന്നു വിളിക്കുന്നു."ഇവിടെ കമാന്റ് എഴുതിത്തുടങ്ങിക്കോളൂ" എന്നാണ് prompt സൂചിപ്പിക്കുന്നത്. കമാന്റ് എഴുതി Enter അമര്‍ത്തുമ്പോള്‍ ടെര്‍മിനല്‍ കമാന്റിനെ പ്രവര്‍ത്തിപ്പിക്കും. ഇങ്ങനെ ഒരു കമാന്റ് ടെര്‍മിനലില്‍ എഴുതി Enter അമര്‍ത്തുന്നതിന് "കമാന്റ് കൊടുക്കുക" എന്നു പറയുന്നു.
- ടെര്‍മിനല്‍ എപ്പോഴും ഏതെങ്കിലും ഒരു ഡയറക്ടറിയിലായിരിക്കും നിലകൊള്ളുന്നത്. ഇതിനെ "current working directory" (ഇപ്പോഴുള്ള ഡയറക്ടറി) എന്നു വിളിക്കുന്നു. ടെര്‍മിനല്‍ തുറക്കുമ്പോള്‍ അതു തുറന്നയാളുടെ (user) ഹോം ഡയറക്ടറിയിലായിരിക്കും ആദ്യം ടെര്‍മിനല്‍ നിലകൊള്ളുന്നത്. ഇപ്പോഴുള്ള ഡയറക്ടറി ഏതെന്നറിയാന്‍
pwd
എന്ന കമാന്റ് കൊടുക്കുക (Print Working Directory. Public Works Department അല്ല!). അടുത്ത വരിയില്‍ ഇപ്പോഴുള്ള ഡയറക്ടറിയുടെ പേരും (ഉദാ: /home/gphilip) അതിനടുത്ത വരിയില്‍ അടുത്ത കമാന്റ് സ്വീകരിക്കാന്‍ തയ്യാറായി prompt-ഉം വരുന്നതുകാണാം. - ഇപ്പോഴുള്ള ഡയറക്ടറിക്കുള്ളില്‍ (ടെര്‍മിനല്‍ ആദ്യമായി തുറന്നതായതുകൊണ്ട് ഇത് നമ്മുടെ Home Directory ആണ്) MyPrograms എന്ന പേരില്‍ പുതിയ ഒരു ഡയറക്ടറി ഉണ്ടാക്കാന്‍ നമുക്ക്
mkdir
എന്ന കമാന്റ് ഉപയോഗിക്കാം (Make Directory). പുതുതായുണ്ടാക്കേണ്ട ഡയറക്ടറിയുടെ പേരും കൂടെ ചേര്‍ത്ത്mkdir MyPrograms
എന്നാണ് കമാന്റ് കൊടുക്കേണ്ടത്. കമാന്റ് തെറ്റൊന്നുമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അടുത്തവരിയില്‍ prompt തയ്യാറായി നില്‍ക്കുന്നതുകാണാം. കമാന്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തെറ്റെന്തെങ്കിലും സംഭവിച്ചാല്‍ അതിനെപ്പറ്റിയുളള സംക്ഷിപ്തമായ വിവരണത്തിനുശേഷം prompt വീണ്ടും കാണാം. ഇപ്പറഞ്ഞ സംക്ഷിപ്തമായ വിവരണം കാണാന്‍ കൗതുകമുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) താഴെപ്പറയുന്നവ ചെയ്തുനോക്കുക:
-
mkdir
കമാന്റിന് പുതുതായുണ്ടാക്കേണ്ട ഡയറക്ടറിയുടെ പേരു കൊടുക്കാതെയിരിക്കുക. അതായത്,mkdir
എന്നുമാത്രം കമാന്റ് കൊടുക്കുക. "പുതിയ ഡയറക്ടറിയുടെ പേര് എവിടെ?" എന്നര്‍ത്ഥം വരുന്ന ഒരു പരാതി കിട്ടുന്നതുകാണാം. - MyPrograms എന്ന ഡയറക്ടറി ഒരു പ്രാവശ്യം ഉണ്ടാക്കിയതിനുശേഷം വീണ്ടും അതേപേരില്‍ അതേ സ്ഥലത്ത് ഒരു ഡയറക്ടറികൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുക. അതായത്,
mkdir MyPrograms
എന്ന കമാന്റ് വീണ്ടും കൊടുക്കുക. ടെര്‍മിനല്‍ "സാധ്യമല്ല!" എന്ന് പറയുന്നത് കാണാം.
-
- മേല്‍പ്പറഞ്ഞ കമാന്റുപയോഗിച്ച് പുതുതായുണ്ടാക്കിയ ഡയറക്ടറി ശരിക്കും അവിടെയുണ്ടോ എന്നു കാണാന്‍
ls
എന്ന കമാന്റുപയോഗിക്കാം (ലിനക്സിന്റെ പൂര്‍വികരിലൊന്നായ മള്‍ട്ടിക്സ് (1964-2000) എന്ന ഒരു മുന്‍കാല ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ "list segments" എന്ന ഇതേ ആവശ്യത്തിനുള്ള കമാന്റിന്റെ ചുരുക്കപ്പേരില്‍ നിന്നാണ് ഈ പേര് വന്നത്.).ls
എന്ന കമാന്റ് കൊടുക്കുക. ഹോം ഡയറക്ടറിയിലുള്ള ഫയലുകളുടെയും ഡയറക്ടറികളുടെയും ഒരു ലിസ്റ്റ് ഉത്തരമായി കാണാം; അക്കൂട്ടത്തില്‍ MyPrograms എന്ന പുതിയ ഡയറക്ടറിയെയും.
പ്രോഗ്രാം എഴുതി സേവ് ചെയ്യുക
ഇനി നമുക്ക് നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പുതുതായുണ്ടാക്കിയ MyPrograms ഡയറക്ടറിയില്‍ സേവ് ചെയ്യാം.- gedit തുറക്കുക (Applications -> Accessories -> Text Editor).
- പുതിയ ഒരു ഫയലില്‍ താഴെപ്പറയുന്നവ എഴുതുക (കോപ്പി-പേസ്റ്റ് ചെയ്താലും മതി). ഇതാണ് നമ്മുടെ (അതിലളിതമായ) ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം :
- ഈ ഫയലിനെ hello.py എന്നപേരില്‍ മുന്‍പുണ്ടാക്കിയ ഡയറക്ടറിയില്‍ സേവ് ചെയ്യുക. ഇതിനായി gedit-ല്‍ File -> Save തെരഞ്ഞെടുത്ത് MyPrograms എന്ന ഡയറക്ടറിയുടെമേല്‍ double-click ചെയ്യുക. Name: എന്ന് കാണുന്ന വരിയില്‍ hello.py എന്നുകൊടുത്ത് Save എന്ന ബട്ടണ്‍ അമര്‍ത്തുക. ഫയലിന്റെ പേരെന്തായാലും കുഴപ്പമില്ല, .py എന്നവസാനിക്കണമെന്നേയുള്ളൂ -- കുത്ത് പ്രത്യേകം ശ്രദ്ധിക്കുക! നമ്മുടെ പ്രോഗ്രാം സേവ് ചെയ്തുകഴിഞ്ഞ gedit കണ്ടാല്‍ ഏകദേശം ഇങ്ങനെയിരിക്കും.
# The first program that learners write in any language is, by # convention, a program that outputs "Hello, World!". So here is # our first program in Python. print "Hello, World!" # Coming next: A Malayalam version of this program!
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍
നാമെഴുതി hello.py എന്ന പേരില്‍ സേവ് ചെയ്ത പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഫലം (output) കാണാന്‍ നമുക്ക് ടെര്‍മിനല്‍ ഉപയോഗിക്കാം. ആദ്യമായി ചെയ്യേണ്ടത് ഈ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഡയറക്ടറിയില്‍ ടെര്‍മിനല്‍ ഉപയോഗിച്ച് എത്തിപ്പറ്റുക എന്നതാണ്. ഇതിന് താഴെപ്പറയുന്നവയില്‍ ഒന്ന് ചെയ്യുക:
- എളുപ്പ(?) വഴി
- File Browser-ല്‍ Home Folder തുറക്കുക: Places -> Home Folder .
- തുറന്നുവരുന്ന ഫയലുകളുടെയും ഡയറക്ടറികളുടെയും ലിസ്റ്റില്‍ MyPrograms എന്ന ഡയറക്ടറിയുടെ പേരുള്ള ചിത്രത്തില്‍ (icon) right-click ചെയ്യുക. തെളിഞ്ഞുവരുന്ന പുതിയ ലിസ്റ്റില്‍ "Open in Terminal" എന്നത് തെരഞ്ഞെടുക്കുക. MyPrograms എന്ന ഡയറക്ടറിയില്‍ കമാന്റുകള്‍ കൊടുക്കാന്‍ സജ്ജമായി ഒരു ടെര്‍മിനല്‍ തുറന്നുവരുന്നതു കാണാം.
- ടെര്‍മിനല്‍ ഉപയോഗിച്ച്
- മുമ്പു തുറന്ന ടെര്‍മിനലില്‍ ചെല്ലുക (പുതിയ ടെര്‍മിനല്‍ തുറന്നാലും മതി).
- ഹോം ഡയറക്ടറിയിലേക്ക് മാറുക. ഇതിനായി
cd
എന്ന കമാന്റ് കൊടുക്കുക (Change Directory). ടെര്‍മിനല്‍ നിലകൊള്ളുന്ന ഡയറക്ടറി എന്തുതന്നെ ആയാലുംcd
എന്ന കമാന്റിനു ശേഷം അത് ഹോം ഡയറക്ടറിയിലേക്ക് മാറും. - ഹോം ഡയറക്ടറിക്കുള്ളിലെ MyPrograms ഡയറക്ടറിയിലേക്ക് മാറുക. ഇതിനായി
cd
എന്ന കമാന്റ് തന്നെ ഉപയോഗിക്കാം. ഹോം ഡയറക്ടറിയല്ലാത്ത ഒരു ഡയറക്ടറിയിലേക്ക് മാറാന്‍വേണ്ടിയായതുകൊണ്ട് കമാന്റിന് ഡയറക്ടറിയുടെ പേരും പറഞ്ഞുകൊടുക്കണം. അതായത്,cd MyPrograms
എന്നാണ് കമാന്റ് കൊടുക്കേണ്ടത്. ഈ കമാന്റിനുശേഷം ടെര്‍മിനല്‍ MyPrograms എന്ന ഡയറക്ടറിയിലായിരിക്കും. - (ബോണസ്) നാം എഴുതി സേവ് ചെയ്ത hello.py എന്ന ഫയല്‍ ഈ ഡയറക്ടറിയില്‍ ഉണ്ടെന്ന് കാണാന്‍
ls
എന്ന കമാന്റ് കൊടുക്കുക.
python hello.py
പ്രോഗ്രാം എഴുതിയതില്‍ തെറ്റൊന്നും വന്നിട്ടില്ലെങ്കില്‍ ഒരു പുതിയ വരിയില്‍Hello, World!
എന്നു വരുന്നതു കാണാം. ഇതാണ് ഈ ലളിതമായ പ്രോഗ്രാമിന്റെ പ്രവര്‍ത്തനഫലം (output). ഇനി ഇതല്ല മറ്റെന്തെങ്കിലുമാണ് കാണുന്നതെങ്കില്‍ അത് രണ്ടുകാര്യം കൊണ്ടാകാം:
- സിസ്റ്റത്തില്‍ python ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. സ്കൂള്‍ സിസ്റ്റമാണെങ്കില്‍ ഇതാവില്ല കാരണം, മറിച്ച്:
- പ്രോഗ്രാം എടുത്തെഴുതിയതില്‍ എവിടെയോ പിഴവു പറ്റി. ഇതെവിടെയാണെന്ന് മനസ്സിലാക്കി തിരുത്തുക.
ഈ പ്രോഗ്രാമിന്റെ സമഗ്രമായ വിശദീകരണവും, ഇതിന്റെതന്നെ മലയാളം പതിപ്പും, മറ്റുകാര്യങ്ങളും അടുത്ത പാഠത്തില്‍. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുനോക്കി, പറഞ്ഞതുപോലെയൊക്കെ സംഭവിച്ചെങ്കില്‍ അതും, അതല്ല പ്രശ്നങ്ങള്‍ ഉണ്ടായെങ്കില്‍ അതും കമന്റായിടുക; കൂടെ മറ്റു സംശയങ്ങളും ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും.
തയ്യാറാക്കാന്‍ സഹായിച്ചവര്‍: നിസാര്‍ വി കെ, ഹസൈനാര്‍ മങ്കട, ശ്രീനാഥ് എച്ച്, ഹരികുമാര്‍ കെ ജി, ഹോംസ്.
നമ്മുടെ കംപ്യൂട്ടറില്‍ സൂക്ഷിച്ചുവെക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ത്തി കൊടുക്കാനും പാകത്തില്‍ ഈ പാഠത്തിന്റെ പി.ഡി.എഫ് പതിപ്പ് ഇവിടെ.
98 comments:
പ്രഥമദൃഷ്ട്യാ ലളിതം, സുന്ദരം!
പരീക്ഷിച്ചു നോക്കാന്‍ ഇപ്പോള്‍ സമയമില്ലെങ്കിലും, വൈകീട്ട് നോക്കട്ടെ!
ഫിലിപ്പ് സാറിന് നന്ദി,നല്ലനമസ്കാരം!
പൈത്തന്‍ പ്രോഗ്രാമിംഗ് പഠനം തുടക്കം തന്നെ വളരെ വളരെ നന്നായിരിക്കുന്നു. നല്ല അവതരണം. മുഖവുരയില്‍ പറഞ്ഞപോലെ, കുട്ടികള്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷ.വളരെ ലളിതമായ രീതിയില്‍ പൈത്തന്‍ പാഠങ്ങള്‍ പറഞ്ഞു തന്ന ഫിലിപ്പ് സാറിനു അഭിനന്ദനങ്ങള്‍.
ജയരാജന്‍
പൈതണ്‍ പാഠങ്ങള്‍ copy എടുത്തു. ഇനി പഠിക്കണം
ഫിലിപ്പ് സാറിന് നന്ദി. അടുത്ത പാഠം തുടങ്ങുംമുന്‍പ് ഇതു പഠിച്ചുവെക്കാം.
ഒരു എട്ടാംക്ലാസിലെ കുട്ടിയായി പൈതോനിന്റെ ബാലപാഠം ഞാനും പഠിക്കാന്‍ തുടങ്ങുന്നു .നല്ല ഭാഷ ,നല്ല അവതരണം , ആര്‍കും ഗ്രഹിക്കാന്‍ എളുപ്പം .ഫിലിപ് സാറിനെ ഗുരുവായി സ്വീകരിച്ചിരിക്കുന്നു.
ഈ ബ്ലോഗ് വളരെ മുമ്പേ തുടങ്ങിയിരുന്നെങ്കില്‍ .....................................?
വിജയന്‍
മുകളില്‍ പറഞ്ഞതിനോടെല്ലാം ഞാനും യോജിക്കുന്നു
നന്ദി
നല്ല തുടക്കം. ലളിതം മനോഹരം.
ആശംസകള്‍.
പൈതണ്‍ പാഠങ്ങള്‍ ഇന്നു മുതല്‍ തന്നെ പഠിച്ചു തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ലളിതമായ രീതിയില്‍ പൈതണ്‍ പാഠങ്ങള്‍ വിശദീകരിച്ചു തന്ന ഫിലിപ്പ് സാറിനു അഭിനന്ദനങ്ങള്‍.
തുടര്‍പാഠങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.............
പ്രോഗ്രാമിങ് എന്നു കേള്‍ക്കുന്പോഴേ പേടിക്കാതെ ചെയ്തുനോക്കാനുള്ള പ്രചോദനം നല്കുന്ന വളരെ ലളിതവും വിശാലവുമായ പോസ്റ്റ്. നന്നായിര്ക്കുന്നു.
വളരെ നന്ദി.
ശ്രീജിത്ത് മുപ്ലിയം
പൈത്തണ്‍ പാഠങ്ങള്‍, പഠിക്കാനുള്ള താല്പര്യത്തെ ഉണര്‍ത്തുന്നതായി.വളരെ നല്ല അവതരണം.അടുത്ത ക്ലാസ്സിനായുള്ള കലശലായുള്ള ആഗ്രഹം ശുഭസൂചകമാണ്.ഫിലിപ്പ്
സാറിനു നന്ദി.
നന്നായിരിക്കുന്നു .വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു .പക്ഷെ Windows O.S
ആണ് ഞങ്ങളുടെ കയ്യില്‍.
Is python works on windows platform ?
അതിനു വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം.
അമ്മു (വിസ്മയ ).
പൈത്തണ് വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യും . നെറ്റില്‍ നിന്നും ഫ്രീ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
എല്ലാവരുടേയും നല്ല വാക്കുകള്‍ക്ക് നന്ദി. പറഞ്ഞതുപോലെയൊക്കെ സംഭവിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചുനോക്കുമല്ലോ?
അമ്മു,
വിന്‍ഡോസിലും പൈത്തണ്‍ പ്രവര്‍ത്തിപ്പിക്കാം. വിന്‍ഡോസ് ഇന്‍സ്റ്റാളര്‍ ഇവിടെയുണ്ട്. അവിടെ സൂചിപ്പിക്കുന്നതുപോലെ 2.6.5-ആം പതിപ്പ് എടുക്കുന്നതാവും നല്ലത്.
gedit-നു പകരം വിന്‍ഡോസില്‍ Notepad ഉപയോഗിക്കാം. Word ഉപയോഗിക്കുകയാണെങ്കില്‍ text ഫയലായി സേവ് ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുകൊണ്ട് ഈ ആവശ്യത്തിന് അതുപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. .py എന്നവസാനിക്കുന്ന പേരില്‍ സേവ് ചെയ്യാന്‍ ശ്രദ്ധിക്കുക: .txt എന്നോ, .py.txt എന്നോ ആയിപ്പോകരുത്.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ വിന്‍ഡോസിലെ ടെര്‍മിനല്‍ ഉപയോഗിക്കാം: പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനുള്ള എളുപ്പവഴി പറഞ്ഞിരിക്കുന്നതു നോക്കുക. വിന്‍ഡോസിലും ഇതിനു സമാനമായി ചെയ്യാന്‍ സാധിക്കണം. കഴിഞ്ഞില്ലെങ്കില്‍ ചോദിക്കുക; എനിക്കു കൃത്യമായി അറിഞ്ഞുകൂടെങ്കിലും ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലുമൊക്കെ അമ്മുവിനെ സഹായിക്കാന്‍ പറ്റേണ്ടതാണ്.
-- ഫിലിപ്പ്
fantastic class
ലളിതം മധുരം
ഫിലിപ്പ് സാറിന് നൂറുനൂറായിരം നന്ദി
പൈത്തണ് പഠിക്കാനായി കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന പാഠങ്ങളോട് എറെക്കുറെ സുല്ലിട്ട് നില്‍ക്കുകയായിരുന്നു. നന്ദി. ഇത്രയും ലളിതമായും കാര്യങ്ങള്‍ അവതരിപ്പിക്കാം എന്ന് കാണിച്ചതിന് പ്രത്യേകിച്ചും.
പ്രദീപ് മാട്ടര
ഫിലിപ്പ് സാറെ ഗംഭീരമായി .
വളരെ നല്ല വ്യാഖ്യാനം.
ആര്‍ക്കും മനസിലാക്കാവുന്ന ഭാഷയില്‍ വിവരിച്ചിരിക്കുന്നു .
നന്ദി നന്ദി നന്ദി.........
എന്നെപ്പോലുള്ളവര്‍ക്കും പൈത്തണ്‍ പഠിക്കാമല്ലോ, അല്ലേ? ഇതു വരെ കണ്ടുപോന്ന ഒരു രീതി എന്താന്നു വെച്ചാല്‍, അധികം വിവരമുള്ള ആളുകള്‍ക്ക് ലളിതമായി അവതരിപ്പിക്കാനും തിരിച്ചും കഴിവുകാണാറില്ല!
ഇതിന്നൊരപവാദമായി ഫിലിപ്പ് സാര്‍. (സത്യത്തില്‍, ആദ്യം കരുതിയിരുന്നത് കുറച്ചു 'പ്രായമായ' മനുഷ്യനായിരിക്കുമെന്നാണ്.ഫോട്ടോ കണ്ടപ്പോളല്ലേ...പയ്യന്‍!)
ബ്ലോഗിന്റെ അനന്ത സാധ്യതകള്‍ 'മാത്സ് ബ്ലോഗ്' നമുക്ക് കാണിച്ചു തരുന്നു. ഫിലിപ്പ് സാറിന്റെ 'പൈതണ്‍ പാഠങ്ങള്‍' ഇതിന് ഉത്തമമാതൃക തന്നെയാണ്. ഫിലിപ്പ് സാറിന് നന്ദി അറിയിക്കുന്നു.
ധാരാളം പേര്‍ മാത്സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടെങ്കിലും കമന്റിടുന്നതില്‍ പലരും പിശുക്കന്മാരാണ്.(ഞാനടക്കം) ബ്ലോഗ് വിസിറ്റ് ചെയ്യുന്നവര്‍ കമന്റ് ചെയ്യാനും കൂടി ശ്രമിക്കുകയാണെങ്കില്‍ ഇനിയും പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മാത്സ് ബ്ലോഗ് വേദിയാകും. അധ്യാപകസമൂഹത്തിന് പുതിയൊരു ദിശാബോധം നല്‍കാന്‍ മാത്സ് ബ്ലോഗിന് ഇനിയും കഴിയട്ടെ..
നന്ദി സാര്‍,
പറഞ്ഞതു മുഴുവന്‍ ചെയ്തുനോക്കി, സക്സസ്!!
philip sir,
simple,interesting,..........lots of thanks.a very good post.waiting for the next lesson.
.
ഇന്നേ വരെ ഐ.ടി എടുത്തിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഈ വര്‍ഷം (മുതല്‍) എട്ടാം ക്ലാസില്‍ ഐ.ടി എടുത്ത് തുടങ്ങുകയാണ്.
എനിക്ക് വിന്‍ഡോസാണ് കൂടുതല്‍ പരിചയം...
ലിനക്സ് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. വലിയ കുഴപ്പമില്ല...
അങ്ങിനെ സമാധാനിച്ചിരിക്കുമ്ബോളാ ഉബണ്ടു വരുന്നു എന്ന് കേള്‍ക്കുന്നത്...പിന്നെ പൈത്തന്‍ എന്ന് കേള്‍ക്കുന്നു... ഈ വാക്കുകളെല്ലാം കേട്ട് പേടിച്ചാ ഈ പോസ്റ്റു തുറന് നോക്കിയത്...
വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ പി.ഡി.എഫ് കോപ്പി കൂടി ചേര്‍ക്കുകയാണെങ്കില്‍ നെറ്റ് ഇല്ലാത്ത സിസ്റ്റത്തില്‍ പഠി ക്കുന്നവര്‍ക്കും കോപ്പി ചെയ്യാന്‍ എളുപ്പമായിരിക്കും...
ഇത് പോലെ ലളിതവും പ്രയോജനപ്രടവുമായ പോസ്റ്റുകള്‍ മാത്സ് ബ്ലോഗിനെ കൂടുതല്‍ ജനപ്രിയമാക്കും എന്നതില്‍ സംശയമില്ല.
ഈ പോസ്റ്റിന്റെ കമന്റുകളില്‍ പറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ തുടര്‍ന്നും ഫിലിപ്പ് സാറിന്റെ പോസ്റ്റുകളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
ഈ തരത്തില്‍ മികച്ച പോസ്റ്റുകള്‍ ഒരുക്കാന്‍ തുടര്‍ന്നും സാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
നല്ല നര്‍മ്മബോധം. മധുരത്തില്‍ പൊതിഞ്ഞ പൈത്തണ്‍ അതിമധുരമാകട്ടെ.
പൈത്തണിലേക്ക് ഞാനും വലതുകാല്‍ വച്ച് വരുന്നു തുടക്കം ഗംഭീരമായിട്ടുണ്ട്
കമന്റുകളിട്ട എല്ലാവര്‍ക്കും നന്ദി. ഈ കമന്റുകള്‍ കണ്ടപ്പോഴാണ് പോസ്റ്റില്‍ നിശ്ചയമായും വേണ്ടിയിരുന്ന ഒരു കാര്യം വിട്ടുപോയെന്ന് ഓര്‍മ്മവന്നത്. അതിപ്പോള്‍ ചേര്‍ത്തിട്ടുണ്ട്.
ഈ പോസ്റ്റ് ഞാന്‍ ഒറ്റയ്ക്ക്, ഒറ്റയടിക്ക് തയ്യാറാക്കിയതല്ല. മാര്‍ച്ച് പകുതിക്കുമുമ്പ് എഴുതി ബ്ളോഗ് ടീമംഗങ്ങള്‍ക്ക് അയച്ചുകൊടുത്ത പോസ്റ്റിന്റെ ആദ്യരൂപവും പ്രസിദ്ധീകരിച്ച ഇപ്പോഴുള്ള രൂപവും തമ്മില്‍ ആടും ആനയും തമ്മിലുള്ള സാമ്യമേയുള്ളൂ. ബ്ളോഗ് ടീമില്‍ നിന്നു ലഭിച്ച ഒട്ടനേകം നിര്‍ദ്ദേശങ്ങളും തിരുത്തലുകളൂം പോസ്റ്റിനെ ഈ രൂപത്തിലാക്കുന്നതില്‍ ഗണ്യമായി സഹായിച്ചിട്ടുണ്ട്. എടുത്തുപറയേണ്ടത് ഇന്‍സ്റ്റലേഷനെപ്പറ്റിയും മറ്റുമുള്ള, പ്രത്യേകിച്ച് എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഏറ്റവും പ്രയോജനകരമായിരിക്കും എന്നൊക്കെയുള്ള ഹസൈനാര്‍ സാറിന്റെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളുമാണ്. ഇവയില്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ് നിശ്ചയമായും ഇത്രകണ്ട് സുഗ്രാഹ്യമാകുമായിരുന്നില്ല.
ഹോംസ് സാര്‍,
തീര്‍ച്ചയായും സാറിന് പൈത്തണ്‍ പഠിക്കാം.
പയ്യനാണെന്ന് മനസ്സിലായ സ്ഥിതിക്ക് മുതിര്‍ന്നവര്‍ക്കെങ്കിലും "സാര്‍" വിളി ഉപേക്ഷിച്ചുകൂടേ?
പിന്നെ, നല്ല വിവരമുള്ളയാളുകള്‍ക്ക് പറഞ്ഞുതരാനും പൊതുവേ നല്ല കഴിവുള്ള ഒരു ലോകത്താണ്, ഭാഗ്യവശാല്‍, ഞാനിപ്പോള്‍. ഇവിടെയുള്ള ഗവേഷകരില്‍ മിക്കവരും നല്ല അധ്യാപകരുമാണ്; അതില്‍ത്തന്നെ ചിലര്‍ അധ്യാപനം ഒരു കല തന്നെയാക്കുന്നതില്‍ വിജയിക്കുന്നവരും. ഇനി ക്ളാസ് മുറിയില്‍ അത്ര ശോഭിക്കാത്തവര്‍പോലും നേരിട്ട് ചോദിച്ചാല്‍ കാര്യങ്ങള്‍ നമുക്കു മനസ്സിലാകുന്ന വിധത്തില്‍, നമ്മുടെ നിലയിലേക്ക് താഴ്ന്നുവന്ന് പറഞ്ഞുതരാന്‍ കഴിവും താത്പര്യവുമുള്ളവരാണ്. കാര്യങ്ങള്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ പഠിക്കുന്നത് എത്ര നല്ലതാണെന്ന് എനിക്ക് മനസ്സിലാകുന്നത് ഇവരെയൊക്കെ കണ്ടിട്ടാണ്. ഇതൊക്കെ കണ്ടു കഴിഞ്ഞപ്പോള്‍ പറഞ്ഞുതരാനറിയാത്ത "അറിവുള്ളവരുടെ" അറിവിനെപ്പറ്റി എനിക്ക് നല്ല സംശയം തോന്നുന്നുണ്ടുതാനും!
-- ഫിലിപ്പ്
ഫിലിപ്പ് സാറിനും മാത്സ് ബ്ലോഗിനും നന്ദി പറയുന്നു.ഈ ഒരു പോസ്റ്റ് കണ്ടാല്‍ തന്നെ അറിയാം രണ്ടു പേരും നന്നായി പ്രയത്നിച്ചിട്ടുണ്ട് എന്ന്.
ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്കു വലുതാണ്.
നല്ല അറിവും വിവരവും ഉള്ള ആളുകള്‍ക്കും നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും എന്നതിന് ഉത്തമ ഉദാഹരണം തന്നെ ആണ് ഫിലിപ്പ് സര്‍.
എല്ലാ ഭാവുകങ്ങളും നേരുന്നു .തുടര്‍ന്നും സാറില്‍ നിന്നും ഇത്തരം പ്രവര്‍ത്തങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു .
മത്സ് ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാവുന്നുണ്ട്
*** ഗണിത ശാസ്ത്ര മേളകള്‍ക്ക് ഉപകാര പ്രദം ആകുന്ന പോസ്റ്റുകള്‍ കൊടുക്കണം ***
പൈത്തന്‍ ചെയ്തുനോക്കി.....
വളരെ നന്ദി മാത്സ് ബ്ലോഗ്......
Python ആദ്യ പാഠം അസ്സലായി. നല്ല ഭാഷ, നല്ല അവതരണം, ഉചിതമായ തലക്കെട്ടുകള്‍, പഠിതാവ് വരുത്താനിടയുള്ള കൊച്ചു തെറ്റുകള്‍ കാലേക്കൂട്ടി അറിഞ്ഞുകൊണ്ടുള്ള നിര്‍ദേശങ്ങള്‍, ഔചിത്യം വിടാത്ത നര്‍മവും.
ലേഖനം നന്നാകുമ്പോള്‍ പ്രതികരണങ്ങളും നന്നാകുന്നു! പ്രതികരണങ്ങള്‍ക്ക് നല്ല ഒതുക്കവും ചാരുതയും.
ഫിലിപ്പ് സാറിനു അഭിനന്ദനങ്ങള്‍, ഒപ്പം സഹായിച്ചവര്‍ക്കും.
ഇതുവരെ പറഞ്ഞതെല്ലാം Windows - ലും ശരിയായി വരുന്നുണ്ട്. വിന്‍ഡോസ് ഇന്‍സ്റ്റാളര്‍ 2.6.5 ഡൌണ്‍ലോഡ് ചെയ്തു instal ചെയ്യണം എന്ന് മാത്രം. പ്രോഗ്രാം എഴുതാന്‍ Notepad തന്നെ ഉപയോഗിക്കാം. സേവ് ചെയ്യുന്പോള്‍ filename - ന്റെ കൂടെ .txt വരാതിരിക്കാനും .py വിടാതിരിക്കാനും ശ്രദ്ധിക്കെണമെന്നു മാത്രം.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ all programmes -->Python 2.6 --> Python IDLE program --> File --> open --> hello.py എന്ന ക്രമത്തില്‍ തുടങ്ങാം.
പുതിയ ഒരു window - യില്‍ പ്രോഗ്രാം തുറന്നുവരും. To run your program, click Run --> Run Module' (or just press F5). Your program will now run in the main Python screen (Titled *Python Shell*)
ഇനി വരുന്ന കാര്യങ്ങളും windows - ല്‍ പ്രാവര്‍ത്തികമാകുമെന്നു കരുതട്ടെ. കാത്തിരിക്കുന്നു.
ഫിലിപ്പ് സാറിന്‍റെ പ്യ്തോന്‍ ക്ലാസ്സ് അവതരണം വളരെ വളരെ ഉപകാര പ്രധമാകും എന്നതില്‍ സംശയമില്ല.പൈത്തന്‍ പോലയുള്ള ഹൈ ലെവലും വളരെ അട്വാന്‍സ്ടുമായ ഒരു പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് സിമ്പിള്‍ ആയി അവതരിപ്പിക്കുന്നതില്‍ ഫിലിപ്പ് സാര്‍ വിജയിക്കും എന്നുറപ്പാണ്.എന്നാല്‍ എട്ടാം ക്ലാസിലെയും മറ്റു സ്കൂള്‍ കുട്ടികളേയും പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ പൈത്തന്‍ കുറച്ചു കടുത്തതായി എന്നു പറയാതിരിക്കാന്‍ വയ്യ.മുന്‍പ് പഠിപ്പിച്ചിരുന്ന ബേസിക് എന്ന ലാംഗ്വേജ് മായി താരതമ്യപെടുതുംബോള്‍ കുട്ടികള്‍ ഉള്‍കൊള്ളാന്‍ ബുദിമുട്ടുള്ള ഭാഷ യാണ് പൈത്തന്‍ എന്ന അഭിപ്രായത്തിനു ഫിലിപ്പ് സാറും ബ്ലോഗ് ടീമും എങ്ങിനെ മറുപടി തരും എന്നറിയാന്‍ താല്പര്യമുണ്ട് കേവലം 'ഹലോ വേള്‍ഡ്' ല്‍ നിന്നും കണ്ടീഷന്‍, ലൂപ് എന്നിവയിലേക്ക് വരുംബോള്‍ ബേസിക് ല്‍ നിന്നും വിത്യസ്തമായി വ്യാകരണത്തിലും മറ്റും വരുന്ന മാറ്റങ്ങള്‍ അധ്യാപകര്കു ഉള്‍കൊള്ളാന്‍ പറ്റുമെങ്കിലും ബേസിക് നെ പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ എളുപ്പമാകില്ല.
എമ്ബട്ടെദ് സിസ്റ്റം വെബ് പ്രോഗ്രമ്മിങ്ങിനും സയന്റിഫിക് പ്രൊജക്റ്റ് കളിലും ഉപയോകിക്കുന്ന ഇ ലാംഗ്വേജ് .ഒരു ബിഗ്ന്നെര്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ സുല്ലിടുകയല്ലാതെ നിവര്‍ത്തിയില്ല.പ്രോഗ്രാമ്മിംഗ് പഠിക്കാന്‍ ബേസിക് നോളം എളുപ്പമുള്ള Integrated Development Environment (IDE) ഫിലിപ്പ് സാര്‍ പരിചയപ്പെടുത്തും എന്നു വിചാരിക്കട്ടെ
തുടരുന്നു ........
ഞാന്‍ ഈ കമന്റ് ഇവിടെ കൊടുക്കുന്നത് മാതസ് ബ്ലോഗിന്റെ പ്രവര്‍ത്തനത്തെ ചെറുതാക്കി കാട്ടുന്നതിനോ ഫിലിപ്പ് സാറിന്റെ വലിയ മനസ്സിനെ കൊഞ്ഞനം കുത്താനുമല്ല.മറിച്ചു വിന്‍ഡോസ് പോലുള്ള സോഫ്റ്റ്‌വെയര്‍ നോട് ചിലര്‍ക്കുള്ള വിരോധം നമ്മുടെ ഭാവി തലമുറയെ നശിപ്പിക്കുന്ന രീതിയില്‍ എത്തി നില്‍ക്കുന്നു സൂചിപ്പിക്കുന്നതിനാണ്.
ഐ ടി മേഘലയില്‍ തൊഴില്‍ സാധ്യത വിലയിരുതുംബോള്‍ ഡോട്ട് നെറ്റ് ,ജാവ ,സീ ++ എന്നിവയ്ക്ക് മുന്‍പില്‍ പൈതോന്‍ എത്ര മാത്രംചെറുതാണെന്ന് ഇന്റര്‍നെറ്റ് പരതി നോക്കിയാല്‍ മനസ്സിലാക്കാം.ലിനക്സ് ,ജീ പീ എല്‍ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റുകള്‍ പൂര്‍ണമായ രീതിയില്‍ തന്നെ ഉപയോഗപ്രധമാണ് എന്നാല്‍ ഇത് ഒരുതരത്തിലുള്ള ഫാസിസമാകരുത്.
ഐ ടി മേഘലയില്‍ ഇന്ത്യന്‍ കുതിപ്പ് തടയാന്‍ വേണ്ടി ,ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റിന് പിന്നില്‍ ചൈന യുടെയും മറ്റു ഇന്ത്യ വിരുധരുടെയും പങ്കു സംശയിച്ചാല്‍ !!!!!!!!!
കേരളത്തില്‍ ചില പൈത്തന്‍ മൂവ്മെന്റുകള്‍ എന്‍റെ അറിവിലുള്ളത് പങ്കു വെക്കാന്‍ താല്പര്യപെടുന്നു.കാലികറ്റ് യൂനിവേര്സിടിയില്‍ രണ്ടായിരത്തില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ വല്കരണം പൂര്‍ണമായും ലിനക്സ് പ്യ്തോന്‍ ഉപയൂഗിച്ചാണ് .കാലിക്കറ്റ് എന്‍ ഐ ടി ക്കുസമീപം ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി പ്യ്തോന്‍ ആയിരുന്നു ലാംഗ്വേജ് ആയി സെലക്ട് ചെയ്തിരുന്നത്.കൂടാതെ കണ്ണൂര്‍, എം ജി സര്‍വ കലാശാലകളിലും ഇന്ന് പൈത്തന്‍ ഉപയൂഗിക്കുന്നു.
എന്‍റെ കമന്റ് കടിച്ചു കീറുന്നതിനുമുന്‍പ് ഒന്നുകൂടെ വായിക്കുകണമെന്നു അപേക്ഷിക്കാമല്ലോ.
എന്നു
ഷാ
Please See these links
about Python
http://www.tiobe.com/index.php/content/paperinfo/tpci/index.html
http://www.devtopics.com/most-popular-programming-languages/
http://antoniocangiano.com/2007/07/05/23-programming-languages-compared-through-their-amazon-book-sales/
http://www.pradeepsethi.com/blog/programminglanguage/programming-language-ranking-java-leading/
http://regulargeek.com/2010/02/02/traditional-programming-language-job-trends-february-2010/
http://spikeypillow.com/2010/04/what-programming-languages-are-people-learning/
ഗീത ടീച്ചര്‍, ബിജു സാര്‍, അഞ്ജന ടീച്ചര്‍, പ്രോഗ്രാം വിജയകരമായി പ്രവര്‍ത്തിപ്പിച്ച മറ്റുള്ളവര്‍,
നാമെഴുതിയ ആദ്യത്തെ പ്രോഗ്രാം തെറ്റില്ലാതെ പ്രവര്‍ത്തിച്ചുകാണുമ്പോഴുള്ള സന്തോഷം ഒന്നു വേറെതന്നെ! അഭിനന്ദനങ്ങള്‍.
ജോംസ് സാര്‍,
ആശംസകള്‍ക്കും നിര്‍ദ്ദേശത്തിനും നന്ദി. സാര്‍ പറഞ്ഞതനുസരിച്ച് ഒന്നാം പാഠത്തിന്റെ പി. ഡി. എഫ് പതിപ്പ് ഇവിടെ ഇട്ടിട്ടുണ്ട്.
അഞ്ജന ടീച്ചര്‍,
വിന്‍ഡോസില്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. തുടര്‍ന്നുള്ള പാഠങ്ങളും വിന്‍ഡോസിലും ലിനക്സിലും ഒരുപോലെ പ്രാവര്‍ത്തികമായിരിക്കും. ടീച്ചര്‍ സൂചിപ്പിച്ച IDLE എന്ന, പ്രോഗ്രാമെഴുത്ത് എളുപ്പമാക്കുന്ന സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഒന്നു രണ്ടു പാഠങ്ങള്‍ക്കു ശേഷം വിശദമായി പറയാനിരിക്കുകയായിരുന്നു. ലിനക്സില്‍ ടെര്‍മിനലിനോടു സ്വാഭാവികമായി തോന്നുന്ന (അടിസ്ഥാനരഹിതമായ) ഭയം ഒന്നു മാറിക്കിട്ടാന്‍ വേണ്ടിക്കൂടിയാണ് ടെര്‍മിനല്‍ ഉപയോഗിച്ച് പൈത്തണ്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ലിനക്സില്‍ കംപ്യൂട്ടറുമായി സംവദിക്കാനുള്ള അതിശക്തമായ ഈ ഉപാധി മിക്കവരും ഉപയോഗിക്കാതെയിരിക്കുന്ന അവസ്ഥ മാറേണ്ടതുണ്ട്.
IDLE ലിനക്സിലും ലഭ്യമാണ്. ഒന്നുരണ്ടു പാഠങ്ങള്‍ക്കു ശേഷം IDLE വിശദമായി പരിചയപ്പെടുത്താനും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ IDLE അടിസ്ഥാനപ്പെടുത്തിയുള്ളതാക്കാനും ഉദ്ദേശിക്കുന്നു. ലിനക്സിലും വിന്‍ഡോസില്‍ നിശ്ചയമായിട്ടും IDLE ഉപയോഗിക്കുന്നതാണ് പൈത്തണ്‍ പഠിക്കാന്‍ ഏറ്റവും എളുപ്പം. അഞ്ജന ടീച്ചര്‍ ഇതിനെ പരിചയപ്പെടുത്തിയ സ്ഥിതിക്ക്, വിന്‍ഡോസില്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ പറ്റാത്തവര്‍ (ഉദാ: ടെര്‍മിനലോ? അതെവിടെ?) ടീച്ചറുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ശ്രമിച്ചുനോക്കുക.
ഷാ സാര്‍,
സാറിന്റെ സംശയങ്ങള്‍ സ്വാഭാവികം മാത്രം. ഇവ ഈ വേദിയില്‍ ഉന്നയിച്ചതിന് നന്ദി: ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്ക് ഇത് തുടക്കമിടും എന്ന് പ്രതീക്ഷിക്കാം. സമാന സംശയങ്ങളുള്ള മറ്റ് അധ്യാപകര്‍ക്ക് (രക്ഷാകര്‍ത്താക്കള്‍ക്കും) ഇത്തരത്തിലുള്ള ഒരു ചര്‍ച്ച ഏറെ ഉപകരിക്കും എന്നുതോന്നുന്നു. ഈ രംഗത്ത് നമ്മെക്കാളൊക്കെ ഏറെ അനുഭവപരിചയമുള്ള പ്രമോദ് സാറിന്റെ ഒന്നുരണ്ട് അനുഭവങ്ങള്‍ മാത്രം ഞാനിവിടെ പരിചയപ്പെടുത്തുന്നു.
-- ഫിലിപ്പ്
ഇത്രയും ലളിതമായ രീതിയില്‍ പൈത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച ഫിലിപ്പ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.തീര്‍ച്ചയായും മാത്‍സ് ബ്ലോഗിന് ലഭിച്ച ഒരു സൗഭാഗ്യം തന്നെയാണ് ഫിലിപ്പ് സാര്‍.ഇത് ഒരു പോസ്റ്റ് ആക്കി മാറ്റിയ മാത്ത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍
ബിരുദങ്ങളുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും ഇത്ര ലളിതവും സുന്ദരവുമായ ഭാഷ കൈവിടാതിരിക്കുന്നത് ഒരു വ്യക്തിയുടെ സ്വഭാവമഹിമ തന്നെയാണെന്ന് പറയാതെ വയ്യ. തിരക്കുകളുടെ പാരാവാരത്തിലും ഈ സ്ക്കൂള്‍ അധ്യാപകരെ സഹായിക്കാനുള്ള ഈ നല്ല മനസ്സിന് മാത്‍സ് ബ്ലോഗിന്‍റെ പേരില്‍ ഫിലിപ്പ് സാറിനോട്നന്ദി പറയട്ടെ. അടുത്ത പാഠം എന്നായിരിക്കുമെന്നാണ് നമ്മുടെ അധ്യാപകരുടെ ഇപ്പോഴത്തെ ചോദ്യം. ഈ ഒരു ഫീല്‍ അവരില്‍ ഉണ്ടാക്കാന്‍ സാധിച്ചത് പോസ്റ്റിന്‍റെ മഹിമ കൊണ്ടു തന്നെ.
പോസ്റ്റ് പബ്ളിഷ് ചെയ്യുന്നതിനു മുമ്പേ, അതു കാണാനുള്ള ഭാഗ്യം ഉള്ളതു കൊണ്ട് നേരത്തേ തന്നെ ചെയ്തു നോക്കാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ ഞങ്ങളും ഇപ്പോള്‍ പൈത്തണ്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായി.
ഫിലിപ്പ് സാറിന്റെ പോസ്റ്റും കമന്റും വായിച്ചപ്പോള്‍ എനിക്കോര്‍മവന്നത് അദ്ധേഹത്തിന്റെ റിസര്‍ച്ച്സ്ഥാപനത്തില്‍ ഒരുപ്രാവശ്യം പോയത്തിനെ പറ്റിയാണ് .രണ്ടായിരത്തി നാലില്‍ പി ജി കഴിഞ്ഞ ആവേശത്തില്‍ പി എച് ഡി ചെയ്യാനുള്ള ജാടയുമായി എത്തി പെട്റെതായിരുന്നു അവിടെ. തരാമണി ബസ് സ്റ്റാന്‍ഡില്‍ നിന്നും അവിടെ ബസ് ഇറങ്ങുന്നത് വരെ ഒരു കോളേജ് ക്യാമ്പസ് ജാടകള്‍ പ്രതീക്ഷിച്ചു പോയ ഞാന്‍ ആദ്യം സ്ഥലം മാറിപ്പോയോ എന്ന് സംശയിച്ചു വളരെ ശാന്ത മായ കാമ്പസിന്റെ കൌണ്ടറില്‍ എത്തുന്നത് വരെ ഞാന്‍ മനസ്സില്‍ കാണുന്നത് കേരളത്തിലെ പല സര്‍വകലാശാലയിലും ഉണ്ടായ അനുഭവമാണ് .എന്നാല്‍ ഏകദേശം അര മണിക്കൂറോളം ഞങ്ങള്ക് വേണ്ടി സമയം കണ്ടെത്താന്‍ അവിടെ പി എച് ഡി ചെയ്യുന്നവര്‍ തയ്യാറായി.തിരിച്ചു അടയാരിലേക്ക് നടക്കുമ്പോള്‍ എ സി ഹോസ്റ്റെലും ,സ് റ്റയിപ്പെന്റും എന്നെ ഒരു പി എച് ഡി കാരനക്കാന്‍ മാത്രം വലുതായിരുന്നു .എന്നാല്‍ തിരിച്ചു കേരളം കണ്ടതോടെ ഞാന്‍ ഒരു മലയാളി (മടിയന്‍) ആയി മാറി.
സാര്‍ പൈത്തന്‍ ക്ലാസ്സിനു പുറമേ ഈ ബ്ലോഗ് വായനക്കാരില്‍ ഗവേഷണ അഭിരുചി ഉണര്തുന്നതിനാവശ്യമായ താങ്കളുടെ അനുഭവ കുറിപ്പുകള്‍ കൂടി നല്‍കിയാല്‍ വളരെ ഉപകാരമായിരിക്കും.
ഇക്കാലത്തെ കുട്ടികള്‍ നമ്മളെ വെല്ലുന്നവരാണ്. പാഠപുസ്തകവും തുറന്നു വെച്ച് എന്തെങ്കിലും പറഞ്ഞു പോകാന്‍ കുട്ടികള്‍ സമ്മതിക്കില്ല. പ്രത്യേകിച്ച് ഐ.ടി എന്ന വിഷയം. പ്രോഗ്രാമിങ്ങ് കുട്ടികള്‍ക്ക് എളുപ്പം വഴങ്ങും. അപ്പോഴും പാഠപുസ്തകവും വെച്ച് നമ്മളിരിക്കും. നാളെ അവനൊരു സംശയം ചോദിച്ചാല്‍..? ഇതിനെല്ലാം പരിഹാരമാണെന്ന് തോന്നുന്നു ഗീവര്‍ഗീസ് ഫിലിപ്പ് സാറിന്‍റെ ഈ ഗ്രാസ് റൂട്ട് ലവലില്‍ നിന്നു തുടങ്ങുന്ന പൈത്തണ്‍ പാഠങ്ങള്‍. പാഠപുസ്തകത്തിനുമപ്പുറം നല്ല മലയാളത്തില്‍ കുറച്ച് അറിവുകള്‍ ലഭിക്കുമല്ലോ. ഇന്നു മുതല്‍ ഞാനുമൊരു പൈത്തണ്‍ പഠിതാവാകുകയാണ്. ജി.ഫിലിപ്പ് സാറിനും മാത്സ് ബ്ലോഗിനും ആശംസകള്‍.
@ Sha Sir,
സ്കൂളില്‍ ഇന്ന് നടക്കുന്ന ഐ.സി.ടി( ഐ.ടി) വിദ്യാഭ്യാസത്തെക്കുറിച്ച് സ്കൂള്‍ അധ്യാപകരല്ലാത്തവര്‍ക്ക് ഇപ്പോഴും ശരിയായ ധാരണ ലഭിക്കാത്തത് കൊണ്ടാണ് 'ഷാ' യെപ്പോലുള്ളവര്‍ പൈത്തണ്‍ പഠനത്തെപ്പറ്റി ഇത്തരം സംശയങ്ങള്‍ ഉണ്ടാവുന്നതെന്ന് വിചാരിക്കുന്നു. സെക്കന്ററി തലത്തില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. U.R. റാവു കമ്മിറ്റിയുടെ Vision 2010 എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈസ്കൂളുകളില്‍ ഐ.ടി. പഠനം ആരംഭിച്ചത്. അദ്ദേഹം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ഇവയാണ്.
ഐ.ടി വിദ്യാഭ്യാസം 1. അധ്യാപരെ ശാക്തീകരിക്കാനായിരിക്കണം. 2. ഫലപ്രദമായി കരിക്കുലം വിനിമയം ചെയ്യാനായിരിക്കണം.3. കുട്ടികള്‍ക്ക് പ്രാഥമികമായ ഐ.ടി.നൈപുണികള്‍ സ്വായത്തമാക്കാനുള്ള അവസരമൊരുക്കാനായിരിക്കണം. 4. ഐ.ടി.എനേബ്ള്‍ എജുക്കേഷനായിരിക്കണം നാം ലക്ഷ്യം വെക്കേണ്ടത്. അതായത് പഠനത്തെയും അധ്യാപനത്തെയും വിദ്യാഭ്യാസ മേഖലയെയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഐ.ടി. സാങ്കേതിക വിദ്യ ഉപയോഗിക്കണം. മറ്റ് വിഷയങ്ങളുടെ ഫലപ്രദമായ വിനിമയത്തിന് ഒരു ടൂള്‍ ആയി ഐ..ടി.മാറണം. കഴിഞ്ഞവര്‍ഷം മുതല്‍ ഈ തലത്തില്‍ ക്ലാസ്റൂമില്‍ ഐ.സി.ടി. പഠനം ആരംഭിച്ചു. ഈ വര്‍ഷത്തെ 8ാം ക്ലാസ് ഐ.സി.ടി പാഠപുസ്തകം തികച്ചും പ്രൊഫ. U.R. റാവുവിന്റെ ഈ നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ്. ഇത്രയൊക്കെ വിശദീകരിച്ചത് സ്കൂളില്‍ ഐ.സി.ടി. പഠനം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാക്കാനല്ല, അധ്യാപകന് ക്ലാസ് റൂമില്‍ സമര്‍ഥമായ ഒരു ടൂള്‍ ആയും വിദ്യാര്‍ഥിക്ക് സ്വയം പഠനത്തിനുള്ള അവസരമൊരുക്കാനും ആകണം ഐ.സി.ടി. വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസം നടപ്പില്‍ വരണമെങ്കില്‍ കുട്ടിക്കും അധ്യാപകനും അതിനുള്ള നൈപുണികള്‍ നേടേണ്ടതുണ്ട്. അതു കൊണ്ടാണ് ഇവ രണ്ടും കൂടി സമന്വയിപ്പിച്ചുള്ള ഒരു പഠനരീതിയാണ് ഐ.സി.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതലും ലക്ഷ്യം വെക്കേണ്ടത് ഐ.സി.ടി. പഠനത്തിനാണ്. ഐ.ടി.പഠനം എന്ന് കേള്‍ക്കുമ്പോഴേ കുട്ടി ഭാവിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണം, അത് കൊണ്ട് ഇപ്പോള്‍ തന്നെ അതിനുള്ള പഠനം സ്കൂളില്‍ വേണം എന്നാണ് ചില ? രക്ഷാകര്‍ത്താക്കളുടെ ചിന്ത. അത് കൊണ്ട് തന്നെ ചില എല്‍.പി.സ്കൂളുകളില്‍ , 10 ാം ക്ലാസുകാരെ പരിചയപ്പെടുത്തേണ്ട സോഫ്റ്റ് വെയര്‍ പഠിപ്പിക്കുന്നത് കാണാനിടയായ അനുഭവമുണ്ട്.
..തുടരുന്നു...
ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് പൈതണ്‍ എന്ന് കേള്‍ക്കുമ്പോഴേ ഡോട്ട് നെറ്റ് ,ജാവ ,സീ ++ എന്നിവയെക്കുറിച്ച് നാം ചിന്തിക്കുന്നത്. പ്രോഗ്രാമിന്റെ വളരെ പ്രാഥമികമായ പാഠം മാത്രമാണ് 8 ാം ക്ലാസില്‍ പരിചയപ്പെടുത്തുന്നത്. ഒരു പ്രോഗ്രാം എഴുതണമെങ്കില്‍ ആദ്യമായി കുട്ടിയില്‍ ഉണ്ടാവേണ്ടത് നമ്മുടെ പോസ്റ്റില്‍ പറയുന്ന പോലെ ലോജിക്ക് ആണ്. (' നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്.- ' ഫിലിപ്പ് സാറിന്റെ പോസ്റ്റ്) ഈ ലോജിക്ക് കുട്ടിയില്‍ സൃഷ്ടിക്കുകയാണ് എട്ടാം ക്ലാസിലെ പൈതണ്‍ പഠനം ലക്ഷ്യം വക്കുന്നത്. അതിന് കുറേ ഗെയിമുകള്‍ കൊടുത്തിട്ടുണ്ട്. Selection,Sequence logic അടങ്ങിയ കുറേ കളികളിലൂടെ കുട്ടി ഒരു പൈതണ്‍ പ്രോഗ്രാം എഴുതുന്ന കളിയിലെത്തുന്നു. 10 ാം ക്ലാസ് കഴിയുമ്പോഴേക്കും പ്രോഗ്രാം ഭാഷയില്‍ മുങ്ങി ശ്വാസം മുട്ടുന്ന തലത്തിലേക്ക് കുട്ടിയെ എത്തിക്കുക എന്നത് ഐ.സി.ടി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ല. അതിന് കുട്ടിക്ക് ഉപരി പഠനത്തിന് പോവാലോ ?
ഇനി ബ്ലാസിക്കില്‍ നിന്ന് പൈതണിലേക്കുള്ള മാറ്റം.. അതിന് രണ്ട് ഭാഷയും ഒരു പോലെ പഠിച്ചവര്‍ പറയുന്നതാണ് ആധികാരികത. ഞാനതില്‍ അശക്തനാണ്. ലളിതമായ ഭാഷ , പ്രോഗ്രാമില്‍ ചിഹ്നങ്ങളുടെ കുറവ് (symblos) , വെബ് ബേസ്ഡ് അപ്ലിക്കേഷനിക്കേഷനുകള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് ലഭിക്കുന്ന ഭാഷ... ഇങ്ങനെ പലതുമാകാം... സ്കൂളിലെ ലിനക്സ് പഠനം വിന്‍ഡോസിനെ തകര്‍ക്കാനല്ല.. അത് ഗവണ്മെന്റിന്റെ നയത്തിന്റെ ഭാഗമാണ്. (സ്കൂളില്‍ എന്ത് കൊണ്ട് ലിനക്സ് എന്നതിന് ഈ ബ്ലോഗില്‍ തന്നെ ചൂടേറിയ വാദങ്ങള്‍ നടന്നതാണ്. ) ഫ്രീ സോഫ്റ്റ് വെയര്‍ മുന്നോട്ട് വെക്കുന്ന ഒരു മൂല്യമുണ്ട്. ഈ മൂല്യബോധമാണ് ലിനക്സ് പഠനം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്കൂള്‍ പഠനകാലത്ത് കുട്ടിയില്‍ നല്ല മൂല്യങ്ങളെയാണ് കുട്ടിയില്‍ ഉറപ്പിക്കേണ്ടത്. വേറെയും പല കാരണങ്ങള്‍ ഇവിടെ ലിസ്റ്റു ചെയ്യുന്നില്ല.
ഹസ്സന്‍ സര്‍
താങ്കളുടെ കമന്റ് വളരെ വിശദമായി ഐ സീ ടി പ്രൊജെക്ടിനെ വിശദീകരിച്ചത് എനിക്ക് പുതിയ അറിവ് പകര്‍ന്നു തരുന്നതായിരുന്നു.ഞാന്‍ ഇത്രയും കാലം മനസ്സിലാക്കിയിരുന്നത് ഇത് ഒരു കേന്ദ്ര സഹായ പദ്ധതിയാനെന്നാണ്.കേരളം ഇതിനെ ലിനക്സ് വല്കരണം നടത്തിയതാണെന്നാണ്.
താങ്കളുടെ പ്രൊഫൈല്‍ വായിച്ചപ്പോള്‍ എന്നെ നെട്ടിപ്പിച്ച വസ്തുത ഒരു ഐ ടി എന്ജിനീയരുടെ പ്രാവീന്യത്തോടെ ഷെല്‍ സ്ക്രിപ്റ്റ് രചിക്കുന്നത് മലയാളം അധ്യാപകനാണെന്നു അറിഞ്ഞപ്പോയാണ്.സാധാരണ ടെക്നോളജി യോട് മുഖം തിരിഞ്ഞു നില്‍കുന്ന രീതിയാണ് മലയാളം ടീച്ചര്‍ മാരില്‍ കണ്ടിട്ടുണ്ടായിരുന്നത് എന്നവിചാരമാണ് പൊളിഞ്ഞത്
സ്കൂളില്‍ ഐ ടി പഠിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ ഡിഗ്രി യുള്ളവരെ തന്നെ നിയോഗിക്കണം എന്ന ഹൈ കോര്‍ട്ട് വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് 'ഐ ടി എനാബ്ല്ട്' എന്നാണ് ഇത്രകാലവും മനസ്സിലാക്കിയിരുന്നത്.മാത്ത്സ് പഠിപ്പിക്കാന്‍ ബി എസ് സീ മാത്സും (No need to Learn Topology ,Real ,Group and ring )ബെഡ് ഉം വേണമെങ്കില്‍ (അല്ലാത്തവനും സ്കൂള്‍ ലെവല്‍ മാത്സും ഇംഗ്ലീഷും സയന്‍സ് സബ്ജക്ടും പഠിപ്പിക്കാന്‍ കഴിയും ) ഐ ടി പഠിപ്പിക്കാന്‍ ആരേയും നിയോഗിക്കാം എന്ന തീരുമാനത്തിന് പിന്നിലുള്ള യുക്തി ഇപ്പോഴും മനസ്സിലായിട്ടില്ല. അത് പോട്ടെ
കുട്ടികളെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആക്കാന്‍ വേണ്ടിയല്ല പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് പഠിപ്പിക്കുന്നത് എന്നിടത് തന്നെയാണ് ബേസിക് പൈതോനെ അപേക്ഷിച്ച് മികച്ചതാകുന്നത്.എന്നാല്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീരിങ്ങില്‍ ബേസിക് ഒരു ബിഗ് സീറോ ആണ്.എന്തിനും ബദല്‍ എന്ന തിരച്ചിലിലാണ് പൈത്തന്‍ ബേസിക് നു പകര മാകുന്നത്
ഈ രണ്ടു ലാംഗ്വേജ് ലും ഉള്ള പരിമിതമായ അറിവ് ഉപയോഗിച്ചാണ് ഞാന്‍ ഇതുവരെ സംസാരിച്ചിരുന്നത് ഫിലിപ്പ് സാറിന്റെ ക്ലാസ് എന്റെ അഭിപ്രായത്തെ മാറ്റിയേക്കാം.
ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോകത്തിനു പിന്നിലെ എത്തിക്സ് വളരെ സുന്ദരവും വിശാലവുമാനെന്നു ഏവരും സമ്മതിക്കുന്നതാണ്.എന്‍റെ സുഹ്രത്തുക്കള്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ജാടയുമായി നടന്നു ഇന്ന് ഡോട്ട് നെറ്റ് ലേക്കും ജാവ യിലേക്കും കാലുമാറിയത് നേരില്‍ കണ്ടത് കൊണ്ടാണ് ഞാന്‍ മുന്‍പ് ഇതിനെ അടിചെല്പിക്കരുത് എന്ന് പറഞ്ഞത് .അല്ലാതെ ലിനക്സ് വിരോധി ആയതു കൊണ്ടെന്നുമല്ല . രണ്ടായിരത്തി രണ്ടില്‍ ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്തിടുണ്ട് (Maarndrak and Red hat) പിന്നീട് രണ്ടു വര്ഷം പൈതോന്‍ഉം പി എച് പി യും പ്രോഗ്രാം ചെയ്തു ചോറ് തിന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അതിനെ തള്ളിപരയ്യാന്‍ എനിക്ക് സാധിക്കില്ല .പക്ഷെ ശരിയെന്നു തോന്നുന്നത് പറയണമല്ലോ
All the best for your good effotrs
വളരെക്കാലമായി പൈതന്‍ പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്നു.ഫിലിപ് സാറിനും ബ്ലോഗിനും വളരെ നന്ദി.കമാന്റുകള്‍ കൂടിയാകുമ്പോള്‍ ഈ പോസ്റ്റ് വളരെ മനോഹരമാവും.
സന്തോഷം അടക്കാനാകുന്നില്ല....
ആദ്യപാഠം
പഠിച്ചു!!
അപ്പോള്‍ എനിയ്ക്കും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗൊക്കെ പഠിക്കാനാകും, അല്ലേ?
നന്ദി, മാഷന്മാരേ..
@ Sha sir
ഒരാള്‍ ഗണിത പടുവും വേദ വിത്തും( വിഷയങ്ങളില്‍ ജ്ഞാനമുള്ളവന്‍)ആവുന്നത് അയാള്‍ ഏതു വിഷയം ഔപചാരികമായി പഠിച്ചു എന്നതിലല്ല.മുന്‍വിധികള്‍ ഒഴിവാക്കുന്നവനും തന്റെ ശരികളെ മറ്റുള്ളവരുടെ ശരികളുമായി താരതമ്യം ചെയ്ത് ശരിയായ ശരികളില്‍ എത്തിച്ചേരുന്നവനും വിദ്വാനായി ഭവിക്കുന്നു.
ഫ്രീ സോഫ്റ്റ്വെയറിനുള്ള ഏറ്റവും വലിയ മെച്ചം അത് ഫ്രീയാണെന്നുള്ളതു തന്നെയാണ്. അതുകൊണ്ട് അത് പൂര്‍ണ്ണതയുള്ളതാവണമെന്നില്ല.
merrits and demerrits are the two sides of a coin (anything)
താങ്കളുടെ ചര്‍ച്ചാ സൂചകങ്ങള്‍ ചിന്തോദ്ദീപകം മന്നെ.
merrits and demerrits are the two sides of a coin (anything)
താങ്കളുടെ ചര്‍ച്ചാ സൂചകങ്ങള്‍ ചിന്തോദ്ദീപകങ്ങള്‍ തന്നെ.
mkmali സാര് പറഞ്ഞതുപോലെ ചില കമന്റുകള്‍ പാഠത്തിനെ കൂടുതല്‍ വ്യക്തവും പ്രയോജനപ്രദവുമാക്കാന്‍ സഹായിക്കുന്നു. അഞ്ജലി ടീച്ചറുടെ വിന്‍ഡോസില്‍ പൈത്തണ്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള കമന്റും ഹോംസ് സാര്‍ അവസാനമിട്ട കമന്റും ഉദാഹരണങ്ങള്‍. ഇതുവരെ നമുക്കു പരിചയമുള്ള, പാഠപുസ്തകങ്ങളും ക്ളാസ് മുറിയും അധികരിച്ചുള്ള അധ്യയനത്തില്‍നിന്ന് ഇതുപോലെയുള്ള ഒരു ബ്ളോഗ് വ്യത്യസ്തമാകുന്നത് ഇതുകൊണ്ടുകൂടിയാണ്. പാഠഭാഗം മനസ്സിലാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും ഇവിടെ അവസരമുണ്ട്. ഒരാള്‍ എപ്പോഴെങ്കിലുമായി കണ്ടുപിടിച്ച ഏതു കൊച്ചുകാര്യവും അതുകഴിഞ്ഞ് ഇതുവഴി വരുന്ന എല്ലാവര്‍ക്കും സഹായകമാകുകയും ചെയ്യും. ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ഏതു പാഠവും ഈ അര്‍ത്ഥത്തില്‍ "ജീവിക്കുന്ന" പാഠമാണ്.
ഹോംസ് സാര്‍,
ആദ്യ പ്രോഗ്രാം ശരിയായി പ്രവര്‍ത്തിച്ചതിന് അഭിനന്ദനങ്ങള്‍! സാറയച്ചുതന്ന ലിങ്കിന് ഒരു പ്രമോഷന്‍ കൊടുത്ത് പോസ്റ്റില്‍ ഇക്കാര്യം പറയുന്ന ഭാഗത്ത് ഇടട്ടെ? ഇനി വായിക്കുന്നവര്‍ക്ക് ആ ഭാഗം കുറച്ചുകൂടി വേഗം മനസ്സിലാകാന്‍ ഇതു സഹായിക്കും.
-- ഫിലിപ്പ്
8 )o classil ee varsham muthal ubuntu aano...
ഫിലിപ്പ് സാറിനും മാത്തമാറ്റിക്സ് ബ്വോഗ് ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. വളരെ ഇധികം പേര്‍ക്ക് ഉപകാരമായി എന്നു മനസ്സിലായി. നല്ല ഉദ്യമം.
കൃഷ്ണകുമാര്‍ സാര്‍,
"Hello, World!" എന്നതിനുപകരം എന്താണ് കിട്ടിയത്?
python -V എന്ന കമാന്റ് ടെര്‍മിനലില്‍ കൊടുത്താല്‍ കിട്ടുന്നത് എന്താണ്? (V വലിയക്ഷരമാണ്).
gedit-ല്‍ പ്രോഗ്രാം തുറന്നാല്‍ ഇതുപോലെയാണോ കാണുന്നത്? ഹോംസ് സാര്‍ അയച്ചുതന്ന സ്ക്രീന്‍ഷോട്ട് ആണിത്.
പ്രോഗ്രാം സേവ് ചെയ്ത ഫയലിന്റെ പേര് .py എന്നാണോ അവസാനിക്കുന്നത്? ഇതേ പേരുതന്നെയാണോ കമാന്റില്‍ ഉപയോഗിച്ചത്? പാഠത്തില്‍പ്പറഞ്ഞ മറ്റു നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, പ്രോഗ്രാം സേവ് ചെയ്ത ഡയറക്ടറി വരെ cd കമാന്റ് ഉപയോഗിച്ച് ചെന്നിട്ടാണോ python കമാന്റ് കൊടുത്തത്?
താങ്കളുടെ ഉത്തരങ്ങള്‍ (ഇനി പ്രോഗ്രാം ഇതിനകം ശരിയായി പ്രവര്‍ത്തിച്ചെങ്കില്‍ അതെങ്ങനെ എന്നുള്ളതും) എല്ലാവര്‍ക്കും ഉപകാരപ്പെടും.
-- ഫിലിപ്പ്
പയ്തോന്‍ പഠിക്കുന്ന നിങള്‍ ഫിലിപ്പ് സാറുടെ അടുത്ത ക്ലാസ്സിനായി കാത്തു നില്ക്ക യാകും ഗഹനമായ ഒരു ക്ലാസിനു മുന്‍പ് കുറച്ചു കൂടെ ഉധാഹരണങ്ങള്‍ ചെയ്തു നോക്കികൂടെ
ആദ്യം നിങളുടെ പ്രോഗാം പേജ് തുറന്നു print "Hello ,World " മാത്രം നിര്‍ത്തി ബാക്കിയെല്ലാം ഡിലീറ്റ് ചെയ്യൂ എന്ത് സംഭവിക്കുന്നു
പിന്നെ എന്തിനാണ് അതെല്ലാം ടൈപ്പ് ചെയ്തിരുന്നത് ???
ഇനി Hello world പകരം നിങളുടെ പേര് കൊടുത്തു നോക്കിയോ ???
അതിനു ഫിലിപ്പ് സാറിനെ കാത്തു നില്കുകയാണോ
അടുത്തത് print കഴിഞ്ഞു ഒരു സംഗ്യ കൊടുക്കൂ എന്ത് സംഭവിക്കുന്നു !!!!
ഇനി print നു ശേഷം രണ്ടു സംക്യ തമ്മില്‍ കൂട്ടി നോക്കൂ Eg print 3+4 എന്തെങ്കിലും പുതിയ അനുഭവം ??
കൂടുതല്‍ പൈത്തന്‍ പഠിക്കാന്‍ ഇവിടെ വരൂ
.
ഒരാള്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കയറി പഠിപ്പിക്കുന്നതു ശരിയല്ല...
"കൂടുതല്‍ പഠിക്കാന്‍ ഇവിടെ വരൂ.." എന്നു പറഞ്ഞാല്‍ ഫിലിപ്പ് സാര്‍ കുറച്ചേ പഠിപ്പിക്കുന്നുള്ളു എന്നും അര്‍ഥമുണ്ട്..
താങ്കള്‍ ഒരു പക്ഷെ കൂടുതല്‍ അറിവുള്ള ആളാകാം... പക്ഷെ ഇതിനോടു ചേര്‍ന്നു പോകുന്ന ഒരു ശൈലി സ്വീകരിക്കുന്നതാവും നല്ലത്....
ഫിലിപ്പ് സാര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കവേ അതുമായി ബന്ധപ്പെട്ട കുറെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ട് കൂടുതല്‍ പഠിക്കാന്‍ താങ്കളുടെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നതിലെ ഉദ്ദേശ ശുദ്ധി എന്താണ്...?
.
ജോംസ് സാറിനോട് പൂര്‍ണ്ണമായി യോജിിക്കുന്നു. ഇമ്മാതിരി കളികള്‍ വേണ്ട. പ്രൊഫൈല്‍ പ്രകാരം അഞ്ചു ബ്ലോഗുണ്ട്. ഒന്നില്‍ പോലും പോസ്റ്റുകള്‍ കാണുന്നില്ല. പെട്ടെന്ന് ഇവിടെ വന്ന് പെരുമ്പാമ്പിന്‍ പാഠമുണ്ടാക്കി ........
വേണ്ട സാര്‍. ഫിലിപ്പ് സാറിന്റെ ബാലപാഠങ്ങള്‍ ഒന്നു പഠിക്കട്ടെ. എന്നിട്ട് അങ്ങോട്ട് വരാം. അല്ല വരുന്നുണ്ട്
ഫിലിപ്പ് സാറിനു മുന്‍പില്‍ മാത്രമല്ല നിങളുടെ എല്ലാം ഇടയില്‍ ഞാന്‍ വെറും ഒരു നീര്‍കോലി മാത്രം . എന്തിനാണ് എന്നോട് ഇങ്ങിനെ തട്ടിക്കയരുന്നത് എന്നെനിക്കു മനസ്സിലാകുന്നില്ല . ഇത് പെരുമ്പാമ്പിന്റെ സ്വഭാവമാണോ അതോ വളക്കു മൂത്ത നീര്കൊലിയോ . സ്വന്തം അറിവ് മറ്റുള്ളവര്‍ക് നല്‍കുന്നതിനെ ആക്ഷേഭിക്കുന്നത് ശരിയല്ല. എന്റെ ബ്ലോഗിലേക്ക് മറ്റുള്ളവരെ വിളിക്കുക എന്നത് ഇതൊരു ബ്ലോഗ്ഗെരും ചെയ്യുന്ന പണിയാണ്.ഞാന്‍ വലിയ അറിവുല്ലവനാകാണോ ആളാവാനോ ചെയ്തതല്ല . കുറച്ചു ഉദാഹരണങ്ങള്‍ കുറച്ചു ചോദ്യങ്ങള്‍ എന്നിവ നല്‍കുകയല്ലേ ചെയ്തത് താല്പര്യമില്ലാത്തവര്‍ ചെയ്യാതിരുന്നാല്‍ പോരെ.ഈ ബ്ലോഗില്‍ ക്ലാസ് എടുക്കുന്നു എന്ന് കരുതി ബൂലോഗത്ത് ആരും പ്യ്തോന്‍ പടിപ്പികേണ്ട എന്നാണോ ??. ജിയോ ബെര്ബ്രയും ബഹുബുജങ്ങളും ഞാന്‍ ഇവിടെനിന്നും നിന്നും പഠിക്കാന്‍ ശ്രേമിക്കുന്നു . എനിക്കറിയുന്നത് ഞാന്‍ ഇവിടെ പങ്കു വെച്ചു. അധികാര മനോഭാവം അധ്യാപകര്‍ക് നന്നല്ല എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത് .
മാത്സ് ബ്ലോഗിന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ.
ഇത് കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് 2 ാം ക്സാസ്സാണ്....ഹ! ഹ! ഹ.... നല്ല ടീച്ചര്‍ക്ക് വേണ്ടി പരസ്പരം കുശുമ്പ് കൂട്ടുന്ന കുട്ടികള്‍.......... രസമുണ്ട്...........
.
@ kiranam & sahu (രണ്ടും ഒരാളാണെന്നു കരുതുന്നു..)
തര്‍ക്കത്തിനില്ല... ഈ വിഷയത്തിലെ എന്റെ അവസാന കമന്റാണിത്...
താങ്കളുടെ ഉദ്ദേശശുദ്ധി നല്ലതാണ് എന്നു തന്നെയാണ് ഇത്രയും വായിച്ചതില്‍ നിന്നും എന്റെ അനുമാനം .. നല്ലത്...
ശൈലിയിലെ പ്രശ്‌നം കൊണ്ടുണ്ടായ തെറ്റിധാരണയാണ് ഇതിലെ വില്ലന്‍..(നിഷ്‌പക്ഷമായി വിലയിരുത്തിയാല്‍ താങ്കള്‍ക്കും അതു ബോധ്യമാകും..)
പിന്നെ.. തട്ടിക്കയറിയതൊന്നുമല്ല.. ഒരു വ്യക്തതയ്‌ക്ക് വേണ്ടി ചോദിച്ചു എന്നു മാത്രം..
ജിയോ ബെര്ബ്രയും ബഹുബുജങ്ങളും പഠിക്കാന്‍ താങ്കള്‍ക്ക് ഈ ബ്ലോഗ് സഹായകമാവട്ടെ എന്നാശംസിക്കുന്നു..
തുടര്‍ന്നും താങ്കളുടെ അറിവ് ഈ ബ്ലോഗില്‍ പങ്കു വയ്‌ക്കുമെന്നു കരുതുന്നു...
@ Shamsudeen
താങ്കള്‍ ആസ്വദിച്ചു കൊണ്ടിരുന്ന രസകരമായ നിമിഷങ്ങള്‍ തുടരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു...
.
kiranam ഉം sahu വും ഒന്ന് തന്നെ.രണ്ടര കൊല്ലം മുന്‍പ് ബ്ലോഗ് എന്തെന്നറിയാന്‍ വേണ്ടി ഉണ്ടാക്കിയ പ്രൊഫൈല്‍ ആയിരുന്നു ആദ്യം കണ്ടത്.ജനാര്ദ്ധനന്‍ സാറ് കണ്ട അഞ്ചു ബ്ലോഗുകളില്‍ മിക്കതും അന്ന് നിര്‍മിച്ചതും തന്നെ .വിശദമായി പിന്നെ പറയാം.
ഏവരും നല്‍കുന്ന പിന്തുണയ്ക്ക് മാത്‍സ് ബ്ലോഗിന്‍റെ അകൈതവമായ നന്ദി. ഏതു വിഷയത്തിലായാലും മറ്റുള്ളവര്‍ക്ക് അറിവു പകരാന്‍ സഹായിക്കുന്ന ആരേയും മാത്‍സ് ബ്ലോഗിനെക്കൊണ്ട് കഴിയാവുന്ന വിധം സഹായിക്കാന്‍ ശ്രമിക്കാം. ബ്ലോഗിന്‍റെ ലിങ്ക്സ് പേജില്‍ പൈബോര്‍ഡിന് ഒരു ലിങ്ക് ഇടുന്നു.
@ Sahu,
കഴിയുമെങ്കില്‍ ഫിലിപ്പ് സാറുമായി ഒന്നു കോണ്ടാക്ട് ചെയ്യുമല്ലോ. mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കുകയാണെങ്കില്‍ ഫിലിപ്പ് സാറിന്‍റെ ഇ-മെയില്‍ ഐ.ഡി അയച്ചു തരാം. ഗവേഷണത്തിരക്കുകള്‍ക്കിടയില്‍ താങ്കളുടെ കോണ്ടാക്ട് ഫിലിപ്പ് സാറിന് വലിയൊരു സഹായമായിരിക്കും എന്നു കരുതുന്നു.
sahu എന്ന kiranam
You are welcomed. identity യില്‍ സംശയം തോന്നിയതു കൊണ്ട് അങ്ങനെ പറഞ്ഞു എന്നു മാത്രം.തുടര്‍ന്നും സംവദിക്കുമല്ലോ
സ്നേഹത്തോടെ ജനാര്‍ദ്ദനന്‍
ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്...
കൊള്ളാല്ലോ സംഭവം...
പൈത്തന്‍ ചെയ്തുനോക്കി.....
വളരെ നന്ദി മാത്സ് ബ്ലോഗ്......
@ഹരി സാര്‍
എന്റെ നെറ്റ് തകരാരിലയതിനാല്‍ ഇന്നലെ മെയില്‍ ചെയ്യാന്‍ പറ്റിയില്ല.പിന്നെ ഏറ്റുമുട്ടാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ഞാന്‍ തയ്യാറാക്കിയ മറുപടി ഇവിടെ കുഴിച്ചു മൂടി.
ഫിലിപ്പ് സാറിനെ സഹായിക്കാനോ നിങ്ങളെ പൈത്തന്‍ പഠിപ്പിക്കാനോ ഉള്ളവിവരം എനിക്കില്ല .എങ്കിലും ഫിലിപ്പ് സാറുമായി സംസാരിക്കാന്‍ ഒരവസരം കിട്ടിയാല്‍ തട്ടികളയാന്‍ പറ്റുമോ.
താങ്കള്‍ എന്റെ ബ്ലോഗ് ലിങ്കില്‍ ചെര്തതോടെ ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിടുള്ളത് എങ്കിലും ഇതൊരു ചാലനജ് ആയി ഏറ്റെടുക്കുന്നു .
കൂടാതെ പൈത്തോന് കൊണ്ഫെരന്‍സ് അടുത്ത സെപ്റ്റംബര്‍ ല്‍ ബംഗ്ലൂരില്‍ വച്ച് നടക്കുന്നു.
എന്റെ പോസ്റ്റില് വന്നവര്‍ ആരും അഭിപ്രായം രേഖപ്പെടുത്തി കാണാത്തതിനാല്‍ എന്‍റെ പോസ്റ്റില്‍ ആര്‍കും സംശയമില്ല എന്ന് മനസ്സിലാക്കുന്നു ..
അടുത്ത എന്‍റെ പോസ്റ്റില്‍ ചില 'തീരുമാനങ്ങള്‍' പറയുന്നതാണ്.
very good post ,Thank you sir
ഇന്നാണ് പാഠം 1 പ്രവര്‍ത്തിപ്പിക്കാന് കഴിഞ്ഞത് വിജയിച്ചു നന്ദി
ഞാന്‍ ഒരു ഉബണ്ടു ആരാധകനാണ്. ഇതു കൊണ്ട് തന്നെ എന്റെ ലാപ്പില്‍ ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതും അതു തന്നെ....
പക്ഷെ പ്രോഗ്രാമിങ്ങില്‍ വൈദിക്ത്യമോ പറഞ്ഞു തരാന്‍ ആളോ ഇല്ലാത്തതിനാല്‍ പൈഥണോ മറ്റ് പ്രോഗ്രാമിങ്ങ് ടൂളുകളോ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല....
ഇന്ന് ചെയ്ത് നോക്കിയിട്ട് ബാക്കി പറയാം....
ഈ സംരംഭത്തിന് എന്റെ എല്ലാവിധ ആശംസകളും....
പിന്നെ ഇതു സാധാരണ കോളേജ് സ്കൂള്‍ തലങ്ങളില്‍ പഠിപ്പിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ജി.യു. ഐ. ആപ്ലിക്കേഷനുകള്‍ എഴുതാന്‍ കൂടി പഠിപ്പിക്കുന്ന രീതിയില്‍ വികസിപ്പിച്ചാല്‍ നന്നയിരുന്നു എന്ന് ഒരു അഭ്യര്‍ഥന....
ആശംസകളോടെ
കിച്ചു.
kichumurali@gmail.com
+91-9650777433
വൈകിയാണെങ്കിലും ആദ്യത്തെ പാഠം പഠിച്ചു മാഷേ...
ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇപ്പോഴാ സാധിച്ചത്. അതാ താമസിച്ചേ... ഇനി അടുത്ത പാഠം നോക്കട്ടെ.. നന്ദി.
ഫിലിപ്പ് സാര്
പൈത്തണ് പഠിക്കാന് തുടങ്ങി. ആര്ക്കും ഒരു സംശയവും ഉയരാത്ത രീതിയില് ലളിതമായി പഠിക്കാന് കഴിയുന്ന പാഠം.അഭിനന്ദനങ്ങള്.
പൈത്തണ് ഉബണ്ടുവില്‍ വര്ക്ക് ചെയ്യിക്കുുന്നതെങ്ങിനെയാണ‍്?
സോമന്‍ സാര്‍,
ഉബുണ്ടുവില്‍ പൈത്തണ്‍ ദ്വിഭാഷി (Interpreter) സ്വതവേതന്നെ ഉണ്ടായിരിക്കേണ്ടതാണ്. ഇനി എന്തെങ്കിലും കാരണവശാല്‍ ഇല്ലെങ്കില്‍ (ഇങ്ങനെയാകാന്‍ യാതൊരു സാധ്യതയുമില്ല; ഉബുണ്ടുവിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് പൈത്തണ്‍ അനിവാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്) താഴെപ്പറയുന്ന കമാന്റുകള്‍ ഒന്നിനുപുറകേ ഒന്നായി ടെര്‍മിനലില്‍ പ്രവര്‍ത്തിപ്പിച്ച് പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്:
sudo apt-get update
sudo apt-get install python
ടെര്‍മിനല്‍ ഉപയോഗിക്കേണ്ട രീതി ഒന്നാം പാഠത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആദ്യത്തെ കമാന്റ് പ്രവര്‍ത്തിച്ചുതീര്‍ന്നതിനുശേഷം മാത്രം രണ്ടാമത്തേത് കൊടുക്കുക.
പൈത്തണ്‍ ദ്വിഭാഷി കംപ്യൂട്ടറില്‍ ലഭ്യമാണെങ്കില്‍ ഒന്നും രണ്ടും പാഠങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കാന്‍ ആവശ്യമുള്ളതൊക്കെ ഉബുണ്ടുവിലുണ്ട്. മൂന്നാം പാഠത്തില്‍ പരിചയപ്പെടുത്തുന്ന IDLE എന്ന സഹായി ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്ന വിധം ആ പാഠത്തില്‍തന്നെ കൊടുത്തിട്ടുണ്ട്.
സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ട.
-- ഫിലിപ്പ്
ഫിലിപ്പ് സാര്‍
സാര്‍ പറഞ്ഞത് പോലെ ചെയ്തു.അപ്പോള്‍ താഴെ കൊടുത്തത് പോലെ കിട്ടി.പിന്നീട് കമാന്റ്സ് ഒന്നും
സ്വീകരിക്കുന്നില്ല.soman@soman-desktop:~$ sudo apt-get update
[sudo] password for soman:
സോമന്‍ സാര്‍,
പാസ്‌വേഡ് ചോദിക്കുന്നിടത്ത് അത് (സാര്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പാസ്‌വേഡ്) കൊടുത്ത് Enter അമര്‍ത്തിനോക്കൂ.
ലിനക്സില്‍ അറ്റകുറ്റപ്പണികളും മറ്റ് കാതലായ മാറ്റങ്ങളും വരുത്താനുള്ള അധികാരം നമുക്ക് കിട്ടാനായുള്ള കമാന്റാണ് sudo. സാധാരണ ഉപയോക്താവിന് ചെയ്യാന്‍ അധികാരമില്ലാത്ത കമാന്റുകള്‍ sudo എന്ന് ആദ്യമേ പറഞ്ഞാല്‍ ആര്‍ക്കും ചെയ്യാന്‍ കഴിയും. ഇങ്ങനെ പറയുമ്പോള്‍ നാം മനസ്സിരുത്തിയാണ് ഇത് പറയുന്നതെന്ന് ഒന്ന് ഉറപ്പുവരുത്താനായാണ് നമ്മുടെ പാസ്‌വേഡ് ചോദിക്കുന്നത്. അലക്ഷ്യമായി sudo ഉപയോഗിക്കുന്നതുകൊണ്ട് തിരുത്താനാവാത്ത അബദ്ധങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഒരു വിദ്യയാണ് ഇത്.
-- ഫിലിപ്പ്
ഹലോ ഫിലിപ്പ് സാര്‍
സാര്‍ പറഞ്ഞ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തു. ഇപ്പോള്‍ ഉബുണ്ടുവിലും പൈത്തണ്‍
പ്രവര്‍ത്തിച്ച് തുടങ്ങി.നന്ദി.
python programing eluppamakki
upakarapradamaya post
Can we run this in windows environment?
Dear philip Sir,
all the best for your venture..keep going,,
regards
Computer teachers Assocoation
Pathanathitta Higher secondary cluster
@cherukathara,
Yes we can do all these things in Windows as well. Please see the comments of Lesson 1.
phyton program windows il cheyan patumo?>
punpathe postughall sheriayi vayichappoll python windows il cheyan sadhikkum enu manasilayi.try cheythu.....thanks.....
പൈത്തൺ എങ്ങനെയാണ് വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നും ഞാന്‍ പറഞ്ഞു തരാം
ആദ്യം..
പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.python.org/ftp/python/2.7.2/python-2.7.2.msi
പിന്നെ പൈത്തൺ കോഡ് എഡിറ്റ് ചെയ്യാന്‍ ഉള്ള gedit windows version ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
http://ftp.gnome.org/pub/GNOME/binaries/win32/gedit/2.30/gedit-setup-2.30.1-1.exe
ഇനി പൈത്തൺ എന്ന സോഫ്റ്റ്‌വെയര്‍ നമുക്ക് വിന്‍ സേവിനില്‍(win7) ഇന്‍സ്റ്റാള്‍ ചെയ്യാം
പൈത്തൺ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ C:\Python27\ എന്ന ഡിക്ഷ്ണറി ആണ് കാണിക്കുക അത് മാറ്റി C:\Python\ എന്ന് ആക്കുക. ഇങ്ങനെ മാറ്റണം എന്ന് നിര്‍ബ്ബന്ധം ഒന്നുമില്ല എന്നാലും ഒരു രസം.
ബാക്കിയെല്ലാം നെക്സ്റ്റ്,എസ് ഒക്കെ അടിച്ചു ഇന്‍സ്റ്റാള്‍ ചെയ്തോ.
അപ്പൊ പൈത്തൺ ഇന്‍സ്റ്റാള്‍ ആയില്ലേ..?
------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മലയാളം ബ്ലോഗ് സന്ദര്ശിക്കു..
http://xybersec.blogspot.in/2012/10/7.html
പൈത്തൺ എങ്ങനെയാണ് വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നും ഞാന്‍ പറഞ്ഞു തരാം
ആദ്യം..
പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.python.org/ftp/python/2.7.2/python-2.7.2.msi
പിന്നെ പൈത്തൺ കോഡ് എഡിറ്റ് ചെയ്യാന്‍ ഉള്ള gedit windows version ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
http://ftp.gnome.org/pub/GNOME/binaries/win32/gedit/2.30/gedit-setup-2.30.1-1.exe
ഇനി പൈത്തൺ എന്ന സോഫ്റ്റ്‌വെയര്‍ നമുക്ക് വിന്‍ സേവിനില്‍(win7) ഇന്‍സ്റ്റാള്‍ ചെയ്യാം
പൈത്തൺ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ C:\Python27\ എന്ന ഡിക്ഷ്ണറി ആണ് കാണിക്കുക അത് മാറ്റി C:\Python\ എന്ന് ആക്കുക. ഇങ്ങനെ മാറ്റണം എന്ന് നിര്‍ബ്ബന്ധം ഒന്നുമില്ല എന്നാലും ഒരു രസം.
ബാക്കിയെല്ലാം നെക്സ്റ്റ്,എസ് ഒക്കെ അടിച്ചു ഇന്‍സ്റ്റാള്‍ ചെയ്തോ.
അപ്പൊ പൈത്തൺ ഇന്‍സ്റ്റാള്‍ ആയില്ലേ..?
------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മലയാളം ബ്ലോഗ് സന്ദര്ശിക്കു..
http://xybersec.blogspot.in/2012/10/7.html
pyton ഭാഷ വിന്‍ഡോസ് xp ല്‍ ഉബയോകിക്കാന്‍ പറ്റമോ?
എങ്ങനാ യന്നെ അനിക്കെ ഇമെയില്‍ അയക്കുക്ക ples ....
my email; malayilshameemshah@gmail.com
Shameem,
പൈത്തൺ Windows XP-യിൽ ഉപയോഗിക്കാൻ പറ്റേണ്ടതാണ്. വിൻഡോസിൽ പൈത്തൺ ഉപയോഗിക്കുന്നതെങ്ങനെ എന്ന് ഈ പാഠത്തിന്റെ കമന്റുകളിൽ പറഞ്ഞിരിക്കുന്നത് നോക്കുക.
All the best G. Philip sir
ഞാനൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്. ഇലക്ട്രോണിക്സ് ആണ് എന്റെ എന്റെ പ്രധാന വിനോദം. ഒഴിവു സമയങ്ങളിൽ വിവിധ സൈറ്റുകളിൽ നിന്ന് സർക്യൂട്ടുകൾ എടുത്ത് അവ നിർമ്മിക്കുമായിരുന്നു. ഇലക്ട്രോണിക്സ് പഠിക്കുവാൻ കൂടുതലും ഇംഗ്ലീഷ് ഭാഷയിലുള്ള സൈറ്റുകളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. മലയാളി എന്തറിഞ്ഞാലും അത് മലയാളത്തിൽ തന്നെ ആർക്കും പറഞ്ഞു കൊടുക്കില്ല.. എന്റെ അന്വേഷണങ്ങളിൽ ഞാൻ പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ ട്യൂട്ടോറിയലുകൾ യുട്യൂബിൽ മലയാളം ഭാഷയിൽ കൊടുത്തിരുന്നു. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് പ്രോഗ്രാമിങ്ങിൽ ഹരം തോന്നി. ലൈബ്രറിയിൽ നിന്ന് ഒരു ജാവ ബുക്ക് കിട്ടി. പക്ഷേ പഠനം തുടക്കത്തിലേ നിന്നു പോയി. കാരണം തുടക്കക്കാർക്ക് മനസ്സിലാകും വിധമായിരുന്നില്ല പുസ്തകത്തിലെ ശൈലി. പിന്നീട് നെറ്റിൽ നിന്ന് പൈത്തണിനെപ്പറ്റി മനസ്സിലാക്കി. അതിന്റെ ഒരു ഇംഗ്ലീഷ് ട്യൂട്ടോറിയൽ PDF ആയി ഡൗൺലോഡ് ചെയ്തു. പഠനം തുടങ്ങിയപ്പോഴേയ്ക്കും ഭാഷ ഒരു തടസ്സമായി നിന്നു. എന്നാലിന്ന് പൈത്തണിന്റെ വെബ്സൈറ്റിൽ നിന്നാണ് മനസ്സിലായത്, മലയാളത്തിൽ ട്യൂട്ടോറിയലുകൾ ഉണ്ടെന്ന്. ഉടൻ ഗൂഗിളിൽ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഇവിടെ എത്തി. ഹലോ വേൾഡ് പാഠം ഞാൻ നേരത്തേ പഠിച്ചിരുന്നു. എന്നാൽ യൂസർ എന്റർ കീ അമർത്തുന്നതു വരെ എങ്ങിനെയാണ് ഒരു വിൻഡോ ആക്ടീവായി നിൽക്കുന്നത് എന്ന് ആ പ്രോഗ്രാമർ അതിൽ വിശദീകരിച്ചിട്ടില്ല. raw_input ("n\npress the enter key to exit.") എന്നൊരു വരി അതിൽ ഉണ്ട് അതിനെപ്പറ്റി ഒന്നും പറയുന്നുമില്ല. അതോടെ എന്റെ പഠനം വഴി മുട്ടി. എനിക്കാണെങ്കിൽ എന്ററിനു പകരം വേറൊരു കീ ആ വരിയിൽ ഉൾപ്പെടുത്തണമെന്നുണ്ട്, പക്ഷേ അറിയില്ല. ഇതാണ് PDF ട്യൂട്ടോറിയലുകളെ ആശ്രയിച്ചാലുള്ള കുഴപ്പം. താങ്കളുടെ ഈ സംരംഭം കണ്ടപ്പോൾ നിധി കിട്ടിയതു പോലെ തോന്നുന്നു. കമന്റൂകൾ വായിച്ചപ്പോൾ മനസ്സിലായി ഈ ബ്ലോഗ് ആക്ടീവ് ആണെന്ന്. ഈ ട്യൂട്ടോറിയലിനു വളരെ നന്ദി.
ശ്രീ വിനോദ്,
പൈത്തൺ പഠനത്തിലേക്ക് സ്വാഗതം. ഇലക്ട്രോണിക്സ് വിനോദമായി എടുക്കുന്ന താങ്കൾക്ക് പ്രോഗ്രാമിംഗ് നന്നേ ഇഷ്ടപ്പെടാനാണ് സാധ്യത. ഈ പാഠങ്ങൾ വായിച്ച് പ്രവർത്തനങ്ങൾ ചെയ്താൽ പ്രോഗ്രാമിംഗിൽ നല്ലൊരു അടിത്തറ കിട്ടും. കമന്റുകളും വായിക്കാൻ ശ്രദ്ധിക്കുക: താങ്കൾക്കുണ്ടാകാവുന്ന പല ചോദ്യങ്ങളുടെയും ഉത്തരം കമന്റുകളിൽ കാണാം. പിന്നെയും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.
നന്ദി. വളരെ നന്ദി. തീർച്ചയായും ചോദിക്കാം..
When I got "Hallo World"by following ur instructions the satisfaction & joy of my mind is beyond the limit of words. Thank you Philip sir.Thank you very much for ur dedication. I am an illiterate in python.I'm sure Ican follow the next lessons&will become a master in python.
You can use python in windows. It is very simple. You can download it by
going to http://www.python.org/download/
then select the version for your computer. Then install it.
I will soon give you a video tutorial on this subject
Go to this link to learn how to install python on windows
http://www.youtube.com/watch?v=zFipqWywMH0
പൈത്തൺ ഗ്രാഫിക്സ് പാഠം - 9. ഒരു clover leaf വരയ്ക്കാൻ പഠിക്കുന്നതിനോടുകൂടി ശകലം ഉയർന്ന തലത്തിലുള്ളതും എന്നാൽ എളുപ്പം മനസ്സിലാക്കാൻ പറ്റുന്നുതുമായ പൈത്തണിലെ ഒന്നു് രണ്ടു് സവിശേഷതകളെ പറ്റിയും ഈ പാഠത്തിൽ പറയുന്നു.
sir
ഈ ടെർമിനൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ഞാൻ വിൻഡോസ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ
കൊള്ളാം നല്ല അവതരണം.ഞാന്‍ സി,സി++ പഠിച്ചിട്ടുണ്ട്.എങ്കിലും പൈത്തണ്‍ എങ്ങനെ വര്‍ക്കു ചെയ്യുമെന്ന് ഒന്നാം പാഠം വായിച്ചാണ് മനസിലാക്കിയത്.ലളിതമായ അവതരണം പഠനം എളുപ്പമാക്കി. നന്ദി.
വിന്‍ഡോസില്‍ ചെയ്യുന്നതെങ്ങനെയെന്നു കൂടി വിശദമാക്കാമോ...?
print("thank_you_philip_sir")
Post a Comment